ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പരാതി നല്‍കി. കോണ്‍ഗ്രസ് കൈപ്പത്തി ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ചാണ് ഉപാധ്യായ പരാതി നല്‍കിയിരിക്കുന്നത്. ആറു പേജുള്ള പരാതിയില്‍ കൈപ്പത്തി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 48 മണിക്കൂര്‍ മുമ്പുതന്നെ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കൈപ്പത്തി ശരീരത്തിലെ ഒരു അവയവം ആയതിനാല്‍ തെരഞ്ഞെടുപ്പ് ദിവസവും കൈവീശി കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുതേടുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് മനുഷ്യശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു അവയവത്തെ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിന്റെ പരിണിതഫലമാണ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ചട്ടങ്ങളും അവഗണിക്കുന്ന ഈ ചിഹ്നം ഒഴിവാക്കണമെന്ന് ഉപാധ്യായ പരാതിയില്‍ പറയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉപാധ്യായ തന്നെയാണ് പരാതി പുറത്തുവിട്ടത്.