അഡ്വ. അഹമ്മദ് മാണിയൂര്‍
അഡോള്‍ഫ് ഹിറ്റ്‌ലര്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് ചില ബി.ജെ.പി ചിന്തകര്‍ എഴുതിയിട്ടുണ്ട്. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പിലാക്കിയ വംശശുദ്ധീകരണം ഇന്ത്യയിലും നടപ്പിലാക്കണമെന്നും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുംകമ്യൂണിസ്റ്റുകളെയും ശത്രുമുനമ്പില്‍ നിര്‍ത്തി ദുര്‍ബലരാക്കണമെന്നും ഗോള്‍വാള്‍ക്കര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ ഗുജറാത്തില്‍ ഗോള്‍വാള്‍ക്കര്‍ ശാസനകള്‍ നടപ്പിലാക്കിത്തുടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും മൃഗീയമായ വംശഹത്യയാണ് 2002 ല്‍ ഗുജറാത്തില്‍ നടന്നത്. ആ വംശഹത്യയില്‍ മോദിയുടെയും ഭരണകൂടത്തിന്റെയും പങ്ക് രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇന്ത്യയില്‍ രാഷ്ട്രീയ തര്‍ക്ക വിതര്‍ക്ക വിഷയങ്ങളാണ്.
കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യതലത്തില്‍ തന്നെ ഹിറ്റ്‌ലറിസ(നാസിസ)ത്തിന്റെ പ്രയോഗവത്കരണം ആരംഭിച്ചിട്ടുണ്ട്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും ശക്തം. ഹിറ്റ്‌ലര്‍ ആദ്യം ചെയ്തതും എതിര്‍ക്കുന്നവരുടെ വായടപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെയും അത്യുന്നത മാനുഷിക മൂല്യങ്ങളുടെയും ഭദ്രഭൂമികയായി ബി.ജെ.പി നേതാക്കള്‍തന്നെ വാഴ്ത്തുന്ന ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഹിറ്റ്‌ലര്‍ ഫാഷിസത്തിന്റെ തനിപയാവര്‍ത്തനങ്ങള്‍ തന്നെയാണ്. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്വിറ്റര്‍ സന്ദേശമിട്ടതിനാണ് ഗുജറാത്ത് എം.എല്‍.എയും ദലിതു നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അസമില്‍ നിന്ന് ബി.ജെ.പി സര്‍ക്കാരിന്റെ പൊലീസ് വന്ന് അര്‍ധരാത്രിയില്‍ പിടിച്ചുകൊണ്ടു പോയി തടവിലാക്കിയത്. ഗുജറാത്തില്‍ ദലിതര്‍ക്കിടയില്‍ മേവാനിയുടെ സ്വാധീനവും അറസ്റ്റിലെ പ്രതിഷേധവും ഭയന്നാണ് ബി.ജെ.പി നേതൃത്വം മേവാനിക്കെതിരായി ഗുജറാത്തില്‍ നടപടികളെടുക്കാതെ ബി.ജെപി ഭരിക്കുന്ന അസമിലെ ബി.ജെ.പി നേതാവിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് അസം പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്. കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യുകയും പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടിവരുകയും ചെയ്തു. നിരവധി സാധാരണക്കാരും പത്രപ്രവര്‍ത്തകരും തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ തടവില്‍ കഴിയുന്നുണ്ട്.
ജഹാംഗീര്‍പുരിയിലും ഹരിയാനയിലും മധ്യപ്രദേശിലും മറ്റും ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചും രാമനവമിയോടനുബന്ധിച്ചും നടന്ന ഘോഷയാത്രക്കുനേരെ മുസ്‌ലിം ഗല്ലികളില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തന്നെ കല്ലേറു നടത്തി കലാപങ്ങള്‍ അഴിച്ചുവിടുകയായിരുന്നു എന്നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍. അത്തരം പരാതികളെക്കുറിച്ചൊന്നും അന്വേഷണവും നടത്താതെ ഗല്ലികളിലെ സാധാരണക്കാരായ മുസ്‌ലിംകളെമാത്രം പ്രതി ചേര്‍ത്തു ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് കേസെടുക്കുകയും വീടുകളും കടകളും ബുള്‍ഡോസര്‍കൊണ്ട് ഇടിച്ചുനിരത്തുകയുമാണ് ചെയ്തത്. ജഹാംഗീര്‍പുരിയില്‍ ദേശസുരക്ഷാ നിയമപ്രകാരമാണ് പലര്‍ക്കെതിരെയും കേസെടുത്തത്.
1971 ല്‍ തലശേരിയില്‍ നടന്ന വര്‍ഗീയ കലാപം തുടങ്ങിയതു മേലോട്ടു കാവു മുത്തപ്പന്‍ ക്ഷേത്രത്തില്‍നിന്ന് വന്ന കലശ ജാഥക്കു നേരെ തലശേരി പഴയ ബസ് സ്റ്റാന്റിനു സമീപത്തുള്ള ഹോട്ടലിന്റെ മുകളില്‍ നിന്ന് ചെരിപ്പ് എറിഞ്ഞു എന്ന് ആരോപിച്ചായിരുന്നു. ചെരിപ്പ് എറിഞ്ഞു എന്നതു ആര്‍.എസ്.എസ് നടത്തിയ കള്ളപ്രചാരണമായിരുന്നെന്നും കലാപം ആര്‍.എസ്.എസും ജനസംഘവും ആസൂത്രണം ചെയ്തതാണ് എന്നും കലാപം സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജര്‍മന്‍ യുവാക്കള്‍ ജൂത സ്ത്രീകളെ പ്രണയിക്കുകയോ വിവാഹം നടത്തുകയോ ചെയ്യുന്നതു നിരോധിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ ന്യൂറംബര്‍ഗ് നിയമത്തിന്റെ മറ്റൊരു രീതിയാണ് ഇന്ത്യയില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്ന ലൗ ജിഹാദ്. ഹിന്ദു യുവതികള്‍ മുസ്‌ലിംകളുമായി പ്രണയത്തിലാകുന്നത് കുപ്രചാരണങ്ങള്‍ കൊണ്ടു നിരുത്സാഹപ്പെടുത്തുകയും മുസ്‌ലിം യുവാക്കളില്‍ ഭീതി വളര്‍ത്തുകയുമാണ് അവരുടെ ലക്ഷ്യം. ഹിറ്റ്‌ലറുടെ നാസിപ്പട ജൂത കച്ചവടക്കാരെ വിലക്കിയതിന്ന് സമാനമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നുമുണ്ട്. ഉന്മൂലനം സാംസ്‌കാരിക അടിത്തറയില്‍നിന്ന് തന്നെ വേണം എന്ന ലക്ഷ്യത്തോടെയാകാം വിദ്യാഭ്യാസ രംഗത്തും അത്തരം ചൂവടുവെപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേതുപോലുള്ള ജനാധിപത്യ ഭരണസംവിധാനത്തില്‍ നാസിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും സുഗമതക്കു തടസ്സമായേക്കാവുന്ന എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ഒരളവോളം വരുതിയിലാക്കുന്നതിലും ബി.ജെ.പി വിജയിച്ചിട്ടുണ്ട്.