X

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ബി.ജെ.പി റിയല്‍ എസ്റ്റേറ്റ് കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുന്നു: അഖിലേഷ് യാദവ്

വഖഫ് ബോര്‍ഡ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എം.പി. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തുന്നത് ബി. ജെ. പി നേതാക്കള്‍ക്ക് എളുപ്പത്തില്‍ ഭൂമി വില്‍ക്കാനുള്ള ഒരു വഴി മാത്രമാണെന്നും ബി.ജെ.പിയെ ഭാരതീയ സമീന്‍ (ഭൂമി) പാര്‍ട്ടി എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും അഖിലേഷ് ആരോപിച്ചു.

റെയില്‍വേ, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴിലുള്ള സര്‍ക്കാര്‍ ഭൂമികള്‍ വില്‍ക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഒരു തന്ത്രം മാത്രമാണ് വഖഫ് നിയമ ഭേദഗതി. അതിനാല്‍ ‘ബി.ജെ.പി നേതാക്കളുടെ ലാഭത്തിനായി തയ്യാറാക്കിയ പദ്ധതി’ എന്ന് അവര്‍ക്ക് തന്നെ പരസ്യമായി ഈ ബില്ലിനെ വിശേഷിപ്പിക്കാം എന്നും അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.

മുസ്ലിംകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ആരോപിച്ച്, ലോക്സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചയ്ക്ക് വെക്കുമ്പോള്‍ സമാജ് വാദി പാര്‍ട്ടി ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് അഖിലേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിക്കുക, മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അവരില്‍ നിന്ന് തട്ടിയെടുക്കുക എന്നിവ ബി.ജെ.പി യുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വഖഫ് ബോര്‍ഡിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡിന്റെയും അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന 44ഓളം ഭേദഗതികള്‍ ഉള്‍പ്പെടുന്ന ഭേദഗതി ബില്‍ ഇന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ ഭേദഗതി പ്രകാരം വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയില്‍ സര്‍വെ നടത്താനുള്ള അധികാരം കലക്ടര്‍ക്ക് നല്‍കുകയും ബോര്‍ഡില്‍ സ്ത്രീകളെയും ഇതര മുസ്ലിംകളെയും ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

ബില്ലിനെതിരെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

webdesk13: