ന്യൂഡല്‍ഹി: പാക് പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മന്‍മോഹന്‍സിംഗിനേയും ഹമീദ് അന്‍സാരിയേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷ ബഹളം മൂലം സഭ സ്തംഭിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാരെത്തിയത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനേയും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും മന:പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അത്തരത്തിലുള്ള ധാരണകള്‍ തെറ്റാണ്. ഈ നേതാക്കളോടും അവര്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങള്‍ക്കുള്ളതെന്നും ജയ്റ്റ്‌ലി പറഞ്ഞു.
അരുണ്‍ജെയ്റ്റ്‌ലിയുടെ വിശദീകരണം തൃപ്തികരമെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി. ജെയ്റ്റ്‌ലിയുടെ വിശദീകരണത്തിന് നന്ദിയുണ്ടെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ബി.ജെ.പിക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ്സിന് ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് മൂലം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. മന്‍മോഹന്‍സിംഗിനെതിരെയുള്ള പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്താണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് പാക് ബന്ധമുണ്ടായിരുന്നുവെന്ന് മോദി ആരോപിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.