X

നുണകളില്‍ നിര്‍മ്മിക്കുന്ന പ്രതിച്ഛായ

ഡോ. രാംപുനിയാനി

പുതിയ നായകന്മാരെ സൃഷ്ടിച്ചെടുക്കാനും പഴയ നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സംഘ്പരിവാരം എല്ലാ ശ്രമങ്ങളും നടത്തിവരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനായി പല തലങ്ങളില്‍ പ്രചാരണം നടക്കുന്നു. അടുത്തിടെ, (ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍) മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്‌സെയെ മഹത്വവത്കരിക്കുന്നതിന്റെ പ്രവാഹമായിരുന്നു. ഇപ്പോള്‍ ഗോദ്‌സെയുടെ ഗുരു സവര്‍ക്കറാണ് ചര്‍ച്ചാവിഷയം. അദ്ദേഹത്തെ മഹത്വവത്കരിക്കാന്‍ പുസ്തകങ്ങള്‍ രചിക്കപ്പെടുകയും ഈ പുസ്തകങ്ങളുടെ പ്രകാശനത്തിനായി വലിയ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സവര്‍ക്കറുടെ ആദ്യ കാലങ്ങളില്‍ അദ്ദേഹമൊരു ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിരുന്നു, ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായിരുന്നു സവര്‍ക്കാര്‍ 1.0.


ഇനി സവര്‍ക്കര്‍ 2.0, ആന്‍ഡമാന്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം ഉദയം ചെയ്തതാണ്. ആന്‍ഡമാന്‍ ജയിലിലെ അത്യന്തം പ്രയാസകരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങളിലായിരുന്നു കാലാപാനിയുടെ കാലം. ജയിലിലായിരിക്കെ, സവര്‍ക്കര്‍ ഹിന്ദുത്വത്തിന്റെയും ഹിന്ദു രാഷ്ട്രത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തു, ഈ സമയത്ത് അദ്ദേഹം ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് നിരവധി ദയാഹര്‍ജികളും സര്‍ക്കാരിന് അയച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനോട് സവര്‍ക്കര്‍ മാപ്പ്‌ചോദിക്കുകയും മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുവെന്ന് അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ വിപ്ലവകാരിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യ ചിന്തകനുമായ അദ്ദേഹത്തിന്റെ പ്രതിച്ഛായ മിനുക്കിയെടുക്കാന്‍ പുസ്തകങ്ങള്‍ എഴുതപ്പെട്ടതിനാല്‍, അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് മാപ്പ് പറഞ്ഞു എന്നത് മറയ്ക്കാന്‍ ബുദ്ധിമുട്ടായി. ഇപ്പോള്‍ ചോദ്യം, ഒരു വിപ്ലവകാരിക്ക് ഒന്നിനുപുറകെ ഒന്നായി ഒന്നിലധികം മാപ്പപേക്ഷകള്‍ എങ്ങനെ സമര്‍പ്പിക്കാന്‍ കഴിയുമെന്നതാണ്. വിപ്ലവവാദവും കൂപ്പുകൈകളും തമ്മില്‍ എങ്ങനെ സന്തുലിതാവസ്ഥ കൈവരിക്കും? ഇതിനായി ഗീബല്‍സിന്റെ സാങ്കേതികത സ്വീകരിച്ചു. അതേരീതിയില്‍, മുതിര്‍ന്ന ബി. ജെ.പി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ്‌സിങ് സത്യത്തില്‍ നിന്ന് മൈലുകള്‍ അകലെ ഒരു പ്രസ്താവന നടത്തി, ഉദയ് മഹൂര്‍ക്കറും ചിരയു പണ്ഡിറ്റും ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന വേളയില്‍. രാജ്‌നാഥ്‌സിങ് പറഞ്ഞു, ‘സവര്‍ക്കറെക്കുറിച്ച് ധാരാളം നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് നിരവധി മാപ്പപേക്ഷകള്‍ അയച്ചതായി പലപ്പോഴും പറയപ്പെട്ടിട്ടുണ്ട്. പക്ഷേ, ജയിലില്‍നിന്ന് മോചനത്തിനായി അദ്ദേഹം ഒരു ദയാഹര്‍ജിയും സമര്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഏതൊരു തടവുകാരനും ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. മഹാത്മാഗാന്ധി അദ്ദേഹത്തോട് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഉപദേശപ്രകാരം അദ്ദേഹം ഒരു ദയാഹര്‍ജി സമര്‍പ്പിച്ചു. സവര്‍ക്കര്‍ജിയെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ദേശീയ സംഭാവനയെ അപമാനിക്കുന്നത് സഹിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി’. രാജ്‌നാഥ്‌സിങിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

എന്താണ് സത്യം?

1910 മാര്‍ച്ച് 13 ന് സവര്‍ക്കറെ അറസ്റ്റ് ചെയ്തു. ജാക്‌സന്റെ കൊലപാതകത്തിനായി നാസിക് കലക്ടര്‍ക്ക് പിസ്റ്റള്‍ അയച്ചുവെന്നാണ് ആരോപണം. ജയിലിലെ അവസ്ഥ വളരെ മോശമായിരുന്നു എന്നത് ശരിയാണ്. ദയാഹര്‍ജി സമര്‍പ്പിക്കുന്നത് ഓരോ തടവുകാരന്റെയും അവകാശമാണെന്നതും സത്യമാണ്. ആരോഗ്യം, കുടുംബം അല്ലെങ്കില്‍ മറ്റ് അടിസ്ഥാനത്തില്‍ തടവുകാര്‍ ഈ ഹര്‍ജികള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ സവര്‍ക്കര്‍ സമാനമായ അപേക്ഷകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ എഴുതിയിട്ടുണ്ടെന്ന് രാജ്‌നാഥ്‌സിങും കൂട്ടാളികളും അവകാശപ്പെടുന്നു.


എന്നാല്‍ അവരുടെ എല്ലാ അപേക്ഷകളും വ്യത്യസ്ത ഭാഷകളിലാണ് എന്നതും വഴിതെറ്റിയ ഒരു ചെറുപ്പക്കാരന്റെ പ്രവൃത്തിയാണെന്ന കാരണത്താല്‍ മാപ്പു തേടുന്നുവെന്നുമാണ് അപേക്ഷയിലുണ്ടായിരുന്നത് എന്നതുമാണ് വസ്തുത. തനിക്ക് നല്‍കിയ ശിക്ഷ ന്യായവും ഉചിതവുമാണെന്നും പക്ഷേ, തന്റെ തെറ്റ് തിരിച്ചറിഞ്ഞതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനാല്‍ വിട്ടയക്കണമെന്നും അദ്ദേഹം എഴുതി. ഇത് മുട്ടുകുത്തുന്നതിനപ്പുറം പോകുന്നതാണ്. 1911 മുതല്‍ അദ്ദേഹം ദയാഹര്‍ജികള്‍ എഴുതിത്തുടങ്ങി, ജയില്‍ മോചിതനാകുന്നതുവരെ അത് തുടര്‍ന്നു. അയാളുടെ കത്തുകളുടെ ഭാഷയും അവയില്‍ പ്രകടിപ്പിച്ച ചിന്തകളും ഒരു വ്യക്തിക്ക് അടിമത്തത്തില്‍നിന്ന് മോചിതനാകാന്‍ എത്രമാത്രം തലകുനിക്കാന്‍ കഴിയുമെന്ന് കാണിക്കുന്നതാണ്. നിരവധി എഴുത്തുകാര്‍ അദ്ദേഹത്തിന്റെ ദയാഹര്‍ജികള്‍ വിശദമായി ഉദ്ധരിച്ചിട്ടുണ്ട്.

ഈ ഹര്‍ജികള്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം എഴുതിയതാണെന്ന വാദം പച്ചക്കള്ളമാണ്. സവര്‍ക്കര്‍ 1911 മുതല്‍ കരുണയ്ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗാന്ധിജി അക്കാലത്ത് ദക്ഷിണാഫ്രിക്കയിലായിരുന്നു, 1915 ലാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയത്. ക്രമേണ അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തുടങ്ങി. അതേസമയം, സവര്‍ക്കറുടെ സഹോദരന്‍ ഡോ. നാരായണ്‍ സവര്‍ക്കറില്‍നിന്ന് ഗാന്ധിജിക്ക് ഒരു കത്ത് ലഭിച്ചു, തന്റെ സഹോദരനെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കത്ത്. ഈ കത്തിനോടുള്ള പ്രതികരണമായി, 1920 ജനുവരി 25 ന് ഗാന്ധി നാരായണ്‍ സവര്‍ക്കര്‍ക്ക് എഴുതി, ‘കേസിന്റെ എല്ലാ വസ്തുതകളും പരാമര്‍ശിക്കുന്ന ഒരു നിവേദനം നിങ്ങള്‍ തയ്യാറാക്കുകയും നിങ്ങളുടെ സഹോദരന്‍ ചെയ്ത കുറ്റകൃത്യം തികച്ചും രാഷ്ട്രീയമാണ് എന്ന വസ്തുത മുന്നില്‍ കൊണ്ടുവരികയും വേണം.കൃതിയുടെ വാല്യം 19 ല്‍ ഈ ഉത്തരം സമാഹരിച്ചിട്ടുണ്ട്. അതിനാല്‍ മഹാത്മാഗാന്ധി സവര്‍ക്കറുടെ സഹോദരനോട് ഒരു നിവേദനം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സവര്‍ക്കറോട് ദയാഹര്‍ജി സമര്‍പ്പിക്കാനല്ലെന്നും വ്യക്തമാണ്. പക്ഷേ സവര്‍ക്കര്‍ നിരവധി തവണ മാപ്പപേക്ഷിക്കുകയായിരുന്നു. സവര്‍ക്കറുടെ മോചനം ബുദ്ധിമുട്ടാണെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു, അതിനാല്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡോ. സവര്‍ക്കര്‍ക്ക് അദ്ദേഹം എഴുതി.

പിന്നീട് ഗാന്ധിജി എഴുതിയ ലേഖനത്തില്‍ സവര്‍ക്കറെ മോചിപ്പിക്കണമെന്നും അഹിംസാത്മക മാര്‍ഗങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും പറയുന്നുണ്ട്. പിന്നീട് ഗാന്ധിജി ഭഗത് സിംഗിനെക്കുറിച്ച് സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തി. സ്വാതന്ത്ര്യസമരത്തെ സമഗ്രവും ഇതെല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു ദേശീയ പ്രസ്ഥാനമായി അദ്ദേഹം കണ്ടു, അതിനാല്‍ അത്തരം ശ്രമങ്ങള്‍ ഗാന്ധി തുടര്‍ന്നു.

ഗാന്ധിജിയുടെ ജീവിതവും സ്വഭാവവും കണക്കിലെടുക്കുമ്പോള്‍, ബ്രിട്ടീഷ് സര്‍ക്കാരിന് ഒരു ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അദ്ദേഹം ആരോടും ആവശ്യപ്പെടുമെന്ന് തോന്നുന്നില്ല. ഗാന്ധിജിയുടെ ശേഖരിച്ച കൃതികളിലെ മറ്റൊരു ലേഖനത്തില്‍ ദുര്‍ഗാദാസിന്റെ എപ്പിസോഡിനെ പരാമര്‍ശിച്ച് എഴുതുന്നു, അതിനാല്‍ ദുര്‍ഗാദാസിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിനെയോ ഭാര്യയെയോ ഒരു ദയാഹര്‍ജി സമര്‍പ്പിക്കാനോ സഹതാപമോ അനുകമ്പയോ കാണിക്കാനോ ഉപദേശിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കരം ശ്രീമതി ദുര്‍ഗദാസിനെ കൂടുതല്‍ ദു:ഖിപ്പിക്കും. നേരെമറിച്ച്, അവളുടെ ഹൃദയം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടേണ്ടത് നമ്മുടെ കടമയാണ്, ഒരു കുറ്റകൃത്യവും ചെയ്യാതെ ഭര്‍ത്താവ് ജയിലിലായതില്‍ അവള്‍ അഭിമാനിക്കണം. ദുര്‍ഗാദാസിന്റെ യഥാര്‍ത്ഥ സേവനത്തോടുള്ള ഞങ്ങളുടെ ആദരവ്, ശ്രീമതി ദുര്‍ഗദാസിന് സാമ്പത്തികമോ മറ്റേതെങ്കിലും സഹായമോ നല്‍കണം എന്നതാണ്, അത് ആവശ്യമാണ്…’.

ഗാന്ധിയുടെ ഉപദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതെന്നതാണ് സംഘ്പരിവാരം നടത്തുന്ന നുണ പ്രചാരണം. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഗാന്ധിജിയുടെ കൊലപാതകത്തില്‍ പിന്നീട് സവര്‍ക്കര്‍ പ്രതിയായി എന്നതും പ്രധാനമാണ്. സര്‍ദാര്‍ പട്ടേല്‍ ജവഹര്‍ നെഹ്‌റുവിന് എഴുതിയതുപോലെ, ‘സവര്‍ക്കറുടെ കീഴിലുള്ള ഹിന്ദു മഹാസഭയിലെ ഒരു തീവ്ര വിഭാഗമാണ് ഗൂഡാലോചന നടത്തിയത്….’ പിന്നീട് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷനും ഇതേ നിഗമനങ്ങളില്‍ എത്തി. ജയില്‍ മോചിതനായ ശേഷം സവര്‍ക്കര്‍ ക്ഷേത്രങ്ങളില്‍ ദലിതരുടെ പ്രവേശനത്തിനായി പ്രവര്‍ത്തിച്ചു എന്നത് ശരിയാണ്. പശു ഒരു വിശുദ്ധ മൃഗമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവിധത്തിലും ബ്രിട്ടീഷുകാരെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമായി മാറി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇന്ത്യന്‍ ദേശീയതയെ എതിര്‍ക്കുന്ന ഹിന്ദു ദേശീയതയുടെ അടിത്തറ അദ്ദേഹം ശക്തമാക്കി. 1942 ല്‍ ഗാന്ധി ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം വിളിച്ചപ്പോള്‍, ഹിന്ദു മഹാസഭയുടെ എല്ലാ ഭാരവാഹികളോടും അവരവരുടെ തസ്തികകളില്‍ തുടരാനും ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള കടമകള്‍ നിര്‍വഹിക്കാനും സവര്‍ക്കര്‍ നിര്‍ദ്ദേശിച്ചു. ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും അദ്ദേഹം സര്‍ക്കാരിനെ സഹായിച്ചു. ഇപ്പോള്‍ ഹിന്ദു ദേശീയവാദികള്‍ സവര്‍ക്കറെ മഹത്വവത്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് അവര്‍ക്ക് ഗാന്ധിയുടെ സഹായം തേടേണ്ടിവന്നു എന്നത് രസകരമാണ്- ഗാന്ധിവധത്തില്‍ ഹിന്ദുത്വ നായകന്മാര്‍ക്ക് പങ്കുണ്ടായിരുന്നു എന്നറിയുമ്പോള്‍. തങ്ങളുടെ നായകന്മാരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് സംഘ്പരിവാറിന്റെ ഉന്നത നേതാക്കള്‍ ഏറ്റവും വലിയ നുണകള്‍ പോലും പറയാന്‍ മടിക്കില്ലെന്നാണ് രാജ്‌നാഥ്‌സിങിന്റെ പ്രസ്താവന കാണിക്കുന്നത്.





Test User: