ശ്രീനഗര്‍: കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണം. ഇതോടെ ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത.
പി.ഡി.പിയുമായി തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്തന്നെ ഭരണത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദവും മൂലം കാശ്മീര്‍ താഴ് വരയിലെ ജനങ്ങളുടെ ജീവനും അവകാശങ്ങളും അപകടത്തിലാണെന്നും രാം മാധവ് പറഞ്ഞു.
പി.ഡി.പി 28ഉം ബി.ജെ.പിക്ക് 25 അംഗങ്ങളാണ് കാശ്മീര്‍ നിയമസഭയിലുള്ളത്. 2015-ലാണ് പി.ഡി.പി-ബി.ജെ.പി പിന്തുണയില്‍ കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇരുകൂട്ടര്‍ക്കുമിടയില്‍ നിലപാടുകളില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിലും കഠ്‌വ സംഭവത്തിലെ നിലപാടുകള്‍ സഖ്യത്തിന് വെല്ലുവിളിയായി. തുടര്‍ന്നാണ് റംസാനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം പി.ഡി.പി ഉന്നയിക്കുന്നതും. റംസാനില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് തുടരാന്‍ മുഫ്തി ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് സഖ്യത്തില്‍ നിന്നും ബി.ജെ.പി ഒഴിയുകയുമായിരുന്നു. കേന്ദ്രം വെടിനിര്‍ത്തല്‍ നിര്‍ത്തി രംഗത്തെത്തിയതാണ് പ്രശ്‌നം മൂര്‍ച്ഛിപ്പിച്ചത്.