X

കേന്ദ്ര ബജറ്റ്: ‘സബ് പ്ലാന്‍’ അനുവദിക്കാന്‍ ഇത്തവണയും സാധ്യതയില്ല

 ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ പദ്ധതിവിഹിതം പൂര്‍ണമായി വിനിയോഗിക്കാന്‍ മുന്‍മന്ത്രി മഞ്ഞളാംകുഴി മുന്നോട്ടുവെച്ച നിര്‍ദേശം നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രം പരിഗണിക്കുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇതിന് ഇത്തവണയും സാധ്യതയില്ലെന്നാണ് സൂചന. പട്ടികജാതി, വര്‍ഗ വിഭാഗത്തിന് അനുവദിച്ചിട്ടുള്ളതുപോലെ ന്യൂനപക്ഷ ക്ഷേമ, വികസന പദ്ധതികളുടെ ധനവിനിയോഗം ‘സബ് പ്ലാന്‍’ ആക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്രബജറ്റില്‍ പട്ടിക വിഭാഗങ്ങളുടെ പദ്ധതികള്‍ക്ക് ബജറ്റ് തുകയുടെ നിശ്ചിത വിഹിതം നീക്കിവെക്കുന്നത് സബ് പ്ലാന്‍ (ഘടക പദ്ധതി) പ്രകാരമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത് പൂര്‍ണമായി ചെലവഴിച്ചിരിക്കണം. സബ്പ്ലാനില്‍ പെടാത്ത ഫണ്ടുകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നകം ചെലവഴിക്കാത്ത പക്ഷം സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റാനാകും. ഇത്തരത്തിലാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നത്.
ഓരോ പദ്ധതികളുടെയും നിര്‍വഹണത്തിന് കര്‍ശന നിബന്ധനകള്‍ വെക്കുകയും യഥാസമയം പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ മറ്റ് വകുപ്പുകളിലേക്ക് ഫണ്ട് മാറ്റി നല്‍കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് ‘ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം’ എന്ന ഭരണഘടനാ ഭാഗം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ.പി നസീര്‍ തയാറാക്കിയ പ്രൊപ്പോസല്‍ മഞ്ഞളാംകുഴി അലി കേന്ദ്രത്തിന് സമര്‍പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല.

കേരളത്തിന്റെ ഈ നിര്‍ദേശം പരിഗണിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള കേരള എം.പിമാരും പല പ്രാവശ്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ന്യൂനപക്ഷ പദ്ധതികളെ സബ് പ്ലാന്‍ ആയി അംഗീകരിക്കുകയാണെങ്കില്‍ അത് കേരളത്തിന്റെ മുസ്‌ലിം, ക്രൈസ്തവ ഉള്‍പെടെയുള്ള ന്യൂനപക്ഷ സമുദായത്തിന് ഗുണകരമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുള്‍പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായി നിലവിലുള്ള എം.എസ്.ഡി.പി പദ്ധതി വിജയകരമാകണമെങ്കിലും സബ് പ്ലാന്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.
അതേസമയം സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ പദ്ധതികള്‍ പൂഴ്ത്തിവെക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുതുതായി എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്ന് ഉറപ്പില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പോലും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഏതെങ്കിലും പുതിയ പദ്ധതി ഇടംനേടാനുള്ള സാധ്യത വിരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും പ്രൊഫഷണല്‍ ആന്റ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയിരിക്കുകയാണ്.

2013-14 വര്‍ഷത്തെ 590 വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തിട്ടില്ല. 2014- 15ലെ പുതിയ അപേക്ഷകരില്‍ 1158 വിദ്യാര്‍ത്ഥികള്‍ക്കും 2014-15 വര്‍ഷത്തേതു തന്നെ പുതുക്കിയ പട്ടിക പ്രകാരമുള്ള 1238 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 2015-16 വര്‍ഷത്തെ പുതിയ അപേക്ഷകരില്‍ 85 വിദ്യാര്‍ത്ഥികള്‍ക്കും പുതുക്കിയ അപേക്ഷകരില്‍ 3296 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക മുടങ്ങി. ഈ വര്‍ഷം നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി 2016 ഒക്‌ടോബര്‍ 31 ആയിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ട് മാസത്തോളം മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് റജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം മെരിറ്റ് കം മീന്‍സിന് പകരം പോസ്റ്റ് മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷകള്‍ ഉള്‍പെടുത്തിയത്. ഇത് മെരിറ്റ് കം മീന്‍സിലേക്ക് മാറ്റേണ്ടതുണ്ട്. 2013 മുതലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പുതിയ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുവദിക്കുമ്പോള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യ ആനുപാതികമായാണ് നല്‍കുന്നത്. ഇതാകട്ടെ സംസ്ഥാനത്ത് ചെറിയൊരു ശതമാനത്തിന് മാത്രമേ ലഭ്യമാകുന്നുള്ളൂ.

chandrika: