മുംബൈ: ബോളിവുഡിലെ ആണ്‍മേല്‍ക്കോയ്മയ്‌ക്കെതിരെ തുറന്നടിച്ച് ബോളിവുഡ് നടി ദിയ മിര്‍സ. അമ്പത് വയസ്സു കഴിഞ്ഞ നായകര്‍ക്കും 19 വയസ്സുള്ള നായികയെ ആണ് വേണ്ടത് എന്ന് അവര്‍ പറഞ്ഞു. ഇതേറെ വിചിത്രമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിയ.
‘ഷോകളിലോ സിനിമകളിലോ ആകട്ടെ, മറ്റെന്നത്തേതിനേക്കാളും സ്ത്രീ പ്രാതിനിധ്യം ഇപ്പോള്‍ കൂടുതലാണ്. വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നിരിക്കുന്നു. നമുക്ക് ധാരാളം വനിതാ സംവിധായകരും എഡിറ്റര്‍മാരുമുണ്ട്. ഒടിടി പ്ലാറ്റ് ഫോമുകള്‍ പെണ്‍ ലെന്‍സിലൂടെയുള്ള കൂടുതല്‍ ആഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളേക്കാള്‍ പകുതി പോലും പ്രായമില്ലാത്ത നടിമാരെ നടന്മാര്‍ നായികമാരായി തെരഞ്ഞെടുക്കുന്നതിനെ അവര്‍ വിമര്‍ശിച്ചു.
ഇന്‍ഡസ്ട്രിയില്‍ ആണ്‍കോയ്മയുണ്ട്. പ്രായം ചെന്ന നടന്മാര്‍ പോലും കൗമാരക്കാരായ നടികളെയാണ് നായികമാരായി ആഗ്രഹിക്കുന്നത്. അമ്പതു വയസ്സുള്ള നടന്മാര്‍ പോലും 19 വയസ്സുകാരി നടിമാരെയാണ് കാസ്റ്റ് ചെയ്യുന്നത്
ദിയ മിര്‍സ- നടി
യുവത്വവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ നില നില്‍ക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രായമായ നടിമാര്‍ക്കു വേണ്ടി കഥകള്‍ ഉണ്ടാകുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ പ്രായമായ പുരുഷന്മാര്‍ക്കു വേണ്ടിയുണ്ടാകുന്നു. പ്രായമായ നടനും യുവാവായി അഭിനയിക്കാം. സൗന്ദര്യം യുവത്വുമായി മാത്രം ബന്ധപ്പെട്ടതു കൊണ്ടാണത്- അവര്‍ കൂട്ടിച്ചേര്‍ത്തു.