ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. അവസാന നിമിഷം ഹര്‍ജിയുമായി വന്ന ബിവറേജസ് കോര്‍പ്പറേഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു.
ഡിസംബര്‍ 15നാണ് മദ്യശാലകള്‍ പൂട്ടാന്‍ കോടതി ഉത്തരവ് വന്നത്. മാര്‍ച്ച് 31നകം അടച്ചുപൂട്ടാനായിരുന്നു ഉത്തരവ്. സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, അടിയന്തരമായ ഒരു സാഹചര്യമുണ്ടാക്കി ഹര്‍ജിയുമായി വന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മൂന്നു മാസം സമയം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. അന്നൊന്നും ആരും അവരവരുടെ പരാതികള്‍ പറഞ്ഞില്ല. ആളുകള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്ന് മദ്യപിക്കാം. റോഡരികിലെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങിക്കുടിച്ചുതന്നെ വാഹനം ഓടിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധമെന്നും കോടതി ചോദിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. ജനസംഖ്യ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റികളുടെ കണക്കെടുത്തതിന് ശേഷം നിശ്ചിത ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികള്‍ക്ക് ഇളവ് നല്‍കണമെന്ന വാദം തമിഴ്‌നാടിനും തെലുങ്കാനയക്കും വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. എന്നാല്‍ ഈ വാദം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഈ പ്രശ്‌നം വീണ്ടും പരിഗണിക്കുമ്പോള്‍ ഒരു ഉത്തരവുണ്ടാകും എന്ന് മാത്രം പറഞ്ഞ് കോടതി പിരിയുകയായിരുന്നു.
ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31ന് മുമ്പ് മാറ്റിസ്ഥാപിക്കാനോ അടച്ചുപൂട്ടാനോ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.