നൂഹ് വര്‍ഗീയകലാപത്തിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ ബജ്രംഗ്ദള്‍ നേതാവ് ബിട്ടു ബജ്റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഫരീദാബാദ് എന്‍.ഐ.ടി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് ബിട്ടു ബജ്റംഗി മത്സരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാന തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്‌റംഗി. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഫരീദാബാദില്‍ ഒരു യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലിട്ട് ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തിരുന്നു.
നൂഹിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 15നാണ് ബിട്ടു ബജ്‌റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗിയും സഹായി മോനു മനേസറും നൂഹില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പ്രകോപനപരമായ വിഡിയോകള്‍ പുറത്തുവിട്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് 30ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
നൂഹില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 31നുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ ബജ്റംഗ്ദള്‍ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.