കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി സംസ്ഥാന പൊലീസ് മേധാവി ചര്‍ച്ച നടത്തി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും എറണാകുളം ആര്‍.ടി.ഒ ജോജി പി. ജോസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ പാതിരാത്രി വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയുടെ ക്രൂരത പുറംലോകമറിഞ്ഞത്.