X

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

webdesk13: