കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെത്തിക്കും. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 20-ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്.
പരാതിക്കാരി ഉള്‍പ്പെടെ കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് മാറ്റിയശേഷമായിരിക്കും തെളിവെടുപ്പ്. ഇതിന് മുന്നോടിയായി മഠത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കന്യാസ്ത്രീകളോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പീഡനം നടന്ന 2014 –2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനും പൊലീസ് ശ്രമം നടത്തുന്നുണ്ട്.
ഇന്നലെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും. കോടതിയില്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ബിഷപ്പിന്റെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നില്ല. ഇത് ബിഷപ്പിനെ ജയിലില്‍ അടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.