X

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. മുംബൈ അതിരൂപത സഹായ മെത്രാന്‍ റവ.ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പക്ക് കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

നേരത്തെ ചോദ്യം ചെയ്യലിന് പോകുന്നതിനു മുമ്പായി ജലന്ധര്‍ രൂപതയുടെ ഭരണചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിനാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൈമാറിയിരുന്നത്. എന്നാല്‍ അത്തരമൊരു ഭരണ ചുമതല കൈമാറ്റത്തിന് പകരം ബിഷപ്പിന്റെ ചുമതല മുംബൈ സഹായ മെത്രാന് നല്‍കാനാണ് വത്തിക്കാന്‍ തീരുമാനിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് ചുമതലകളില്‍ നിന്ന് നീക്കി ഉത്തരവായത്.

chandrika: