കോട്ടയം: താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ നീക്കം.
താല്‍ക്കാലികമായി ഭരണ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണം. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്താക്കുറിപ്പ് പറയുന്നത്.
അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഏഴാം ദിവസം പിന്നിട്ടു.സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും.
അതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും മുമ്പ് ജാമ്യാപേക്ഷ നല്‍കാനാണ് നീക്കം. കൊച്ചിയിലെ ചില അഭിഭാഷകര്‍ ജാമ്യ ഹര്‍ജി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബിഷപ്പിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. ബുധനാഴ്ച ആണ് അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹാജരാകേണ്ടത്.