സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ഒരു ജീവന്‍കൂടി പൊലിഞ്ഞിരിക്കുന്നു. പത്തനംതിട്ട പെരുനാട് സ്വദേശി അഭിരാമി എന്ന പന്ത്രണ്ടുകാരിക്കാണ് ജീവന്‍ നഷ്ടമായത്. ഓഗസ്റ്റ് 14ന് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പാല്‍ വാങ്ങാന്‍ നടന്നുപോകുമ്പോഴായായിരുന്നു നായയുടെ കടിയേറ്റത്. ഇതോടെ ഈ വര്‍ഷം ഇതുവരെ തെരുവ് നായയുടെ കടിയേറ്റ് മരിച്ചവരുടെ എണ്ണം 21 ആയി. ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് കടിയേറ്റതായാണ് കണക്ക്. ഓഗസ്റ്റ് മാസത്തില്‍മാത്രം കേരളത്തില്‍ എട്ട് പേര്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മരിച്ചിട്ടുണ്ട്. മനുഷ്യന് വഴിനടക്കാന്‍ പറ്റാത്തവിധം തെരുവ് നായ്ക്കള്‍ കേരളത്തില്‍ പെരുകിയിട്ടുണ്ട്. അഭിരാമിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാറാണ്. മനുഷ്യന്മാര്‍ക്ക് ഏറ്റവും ആദ്യം വേണ്ടത് നിര്‍ഭയരായി സഞ്ചരിക്കാനുള്ള സാഹചര്യമാണ്. പൗരന്മാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ വഴികള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് സര്‍ക്കാറിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. അത് ചെയ്യാനായില്ലെങ്കില്‍ ഇവിടെയൊരു സര്‍ക്കാറില്ലെന്ന് കരുതേണ്ടിവരും. നാട്ടില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്തവിധം നായ്ക്കള്‍ പെരുകുമ്പോള്‍, അവ മനുഷ്യരെ കടിച്ചുകൊല്ലുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നത് അംഗീകരിക്കാനാവാത്തതാണ്.
പേവിഷബാധമൂലമുള്ള മരണങ്ങള്‍ കൂടുമ്പോഴും ആരോഗ്യവകുപ്പിന് അലംഭാവമാണ്. വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. മരണങ്ങളെപറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധ സമിതി ആയില്ല എന്നതാണ് അവസ്ഥ. പട്ടികളുടെ ആക്രമണം കൂടുന്നതും പേവിഷ വാക്‌സിനെടുത്തിട്ടും ആളുകള്‍ മരിക്കുന്നതും പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ചിരുന്നു. വാക്‌സിനെക്കുറിച്ചുള്ള പരിശോധന ദുരൂഹസാഹചര്യത്തിലെ മരണങ്ങളുടെ അന്വേഷണത്തോടൊപ്പം നടത്തുമെന്നായിരുന്നു അന്ന് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പക്ഷേ ആ അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല. കഴിഞ്ഞ 26നാണ് ആരോഗ്യമന്ത്രി വിദഗ്ധ സമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടെന്നായിരുന്നു നിര്‍ദേശം. സമിതിയിലാരൊക്കെ, അന്വേഷണ പരിധിയില്‍ വരുന്നതെന്തൊക്കെ, അന്വേഷണമെങ്ങനെ. ഒന്നിനും രൂപമായിട്ടില്ല. വിദഗ്ധരെ കണ്ടെത്തി സമിതി ഉണ്ടാക്കി കുറ്റമറ്റ സംവിധാനമാക്കുവാനാണ് സമയമെടുക്കുന്നത് എന്നാണ് ന്യായീകരണം. പേവിഷ വാക്‌സിനെടുത്തിട്ടും അഞ്ച് പേര്‍ മരിച്ചതില്‍, വാക്‌സിന്‍ ഗുണനിലവാരം വില്ലനായിട്ടില്ലെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ വിശദീകരിക്കുന്നത്. വാക്‌സിന്‍ ഫലപ്രാപ്തിയെ തടയും വിധം മുഖത്തും കഴുത്തിലും ചുണ്ടുകളിലുമൊക്കെ കടിയേറ്റവരാണ് മിക്കവരുമെന്നാണ് വിശദീകരിക്കുന്നത്. വാക്‌സിനെടുത്തിട്ടും മരിച്ച പാലക്കാട്ടെ പെണ്‍കുട്ടിയുടെ കേസിലടക്കം വ്യക്തമായ ചിത്രം നല്‍കി ജനത്തിന്റെ ആശങ്കയകറ്റേണ്ട വകുപ്പാണ് നിര്‍ണായക സമയത്തും ഉഴപ്പുന്നത്. ഈ വര്‍ഷം മരിച്ച ഇരുപത് പേരില്‍ പതിനഞ്ച് പേരും വാക്‌സിനെടുത്തിട്ടില്ലെന്നും പറയുന്നു. വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്വയം മരണത്തിന് വിട്ടുകൊടുക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകില്ല. ഇത് മരണ കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്.
പെരുകുന്ന നായ്ക്കളെ നിയന്ത്രിക്കേണ്ടത് അടിസ്ഥാനപരമായി തദ്ദേശ സ്വയംഭരണ വകുപ്പാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും നായകളെ വന്ധ്യംകരിക്കാനായി പിടികൂടി എത്തിച്ചുകൊടുക്കുന്ന ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുടുംബശ്രീക്കുള്ള യോഗ്യത ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് കോടതി കുടുംബശ്രീകളെ വന്ധ്യംകരണത്തില്‍ നിന്ന് വിലക്കി. വന്ധ്യംകരണത്തിന് രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒരു കേന്ദ്രം വേണമെന്നാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്ത് ആകെയുള്ളത് വെറും എട്ട് കേന്ദ്രങ്ങളാണ്. ഇവയില്‍ പലതും മാസങ്ങളായി പ്രവര്‍ത്തിക്കുന്നുമില്ല. കണ്ണൂര്‍ ജില്ലയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ അവസാനമായി നടന്നത് ഫെബ്രുവരി മാസത്തിലാണ്. നിലവില്‍ ശസ്ത്രക്രിയക്കുള്ള സൗകര്യമില്ല. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനായി ജില്ലാ പഞ്ചായത്തുകള്‍ക്ക് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോടും ഒഴികെ മിക്ക നഗരങ്ങളിലും എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) സെന്റര്‍ പുതുതായി തുടങ്ങേണ്ടിവരും. നായശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും കടിയേറ്റാലുടന്‍ ചെയ്യേണ്ട പ്രാഥമിക നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുകയും വാക്‌സിന്‍ കൃത്യമായി എടുക്കേണ്ടതിന്റെ ആവശ്യകത ബോധപ്പെടുത്തുകയും വേണം. ഇനിയുമൊരാളെയും മണത്തിന് വിട്ടുകൊടുക്കരുത്.