ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരമാരുടെ ദേശീയ ഡേറ്റാബേസ് തയ്യാറാക്കാന്‍ കേന്ദ്രം നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന, മരണ രജിസ്റ്റര്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങിയത്. നിലവില്‍ പ്രാദേശിക രജിസ്ട്രാര്‍മാര്‍ വഴി അതത് സംസ്ഥാന സര്‍ക്കാറുകളാണ് ജനന, മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനായി ജനപ്രതിനിധി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇതിനെതിരെ പാര്‍ലമെന്റില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ജനന, മരണ ഡേറ്റാബേസും വോട്ടര്‍ പട്ടികയും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാര്‍മാരുമായി ചേര്‍ന്നായിരിക്കും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഈ ഡേറ്റാ ബേസുകള്‍ കൈകാര്യം ചെയ്യുക.ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍പട്ടിക, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുമായി ചേര്‍ത്ത് ഡേറ്റാ ബേസ് കാലാനുസൃതമായി പുതുക്കും. ദേശവ്യാപക എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്‍.പി.ആര്‍ കൂടി നവീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെച്ച ബില്ലും ക്യാബിനറ്റ് നോട്ടും സൂചിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തോടൊപ്പം എന്‍.ആര്‍.സി നടപ്പാക്കാന്‍ ആദ്യം പ്രഖ്യാപിച്ചത് അസമിലായിരുന്നു. ഇത് പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പിന്നീട് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സി.എ.എയും എന്‍.ആര്‍.സിയും നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ ക്യാബിനറ്റ് ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.