അനീഷ് ചാലിയാര്‍
മനുഷ്യര്‍ നല്ല അയല്‍ക്കാരെന്നാണ് പക്ഷികളുടെ ധാരണ; അല്ലെന്ന് കൂടക്കൂടെ തെളിയിക്കുകയാണ് നമ്മള്‍. കഴിഞ്ഞദിവസം കോട്ടക്കല്‍ രാമനാട്ടുകര ദേശീയപാത വികസനത്തിന് എ.ആര്‍ നഗറില്‍ മരം മുറിച്ചുമാറ്റിയപ്പോള്‍ കൊറ്റില്ലങ്ങള്‍ നശിക്കുകയും 50 ഓളം പക്ഷിക്കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെടുകയും കൂടുകളും മുട്ടകളും നശിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇതോടെ വിഷയം വീണ്ടും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്.
കൊറ്റികളും ചില പക്ഷികളും മനുഷ്യസാമീപ്യമുള്ള സ്ഥലങ്ങള്‍ കൂട്ടമായി താമസിക്കാന്‍ തിരഞ്ഞെടുക്കുന്നത് സുരക്ഷയെ കരുതി മാത്രമാണെന്ന് കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആര്‍.ഐ) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍, ദേശീയ പാതയോരങ്ങള്‍, ടൗണുകളില്‍ രാത്രിയിലും വെളിച്ചവും മനുഷ്യസാമീപ്യവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മരങ്ങളില്‍ പക്ഷികള്‍ കൂട്ടമായി താമസിക്കുന്നതും കൂടു കൂട്ടുന്നതും സ്വാഭാവിക ഇരപിടിയന്മാരില്‍ നിന്ന് രക്ഷതേടാന്‍ വേണ്ടിയാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ ഇരപിടിയന്മാരായ ജീവികളുടെ സാമീപ്യം കുറവായിരിക്കും.
എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ജലപക്ഷികളുടെ പ്രജനന കാലമാണെന്ന പരിഗണന പോലുമില്ലാതെ പക്ഷികള്‍ കൂടൊരുക്കിയ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നത്. 2016 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ ഇടുക്കി, പത്തനംതിട്ട, കോട്ടയം വയനാട് ജില്ലകളൊഴിച്ചുള്ള 10 ജില്ലകളിലും കെ.എഫ്.ആര്‍.ഐ പക്ഷികള്‍ ചേക്കേറുന്നതിന് മനുഷ്യസാമീപ്യം തേടുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വെയില്‍ പക്ഷികളുടെ 258 ഓളം കൂട്ടവാസകേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതിലധികവും മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്. നീര്‍ക്കാക്കകള്‍, കൊക്കുകള്‍, ചേരക്കൊക്കുകള്‍ എന്നിവ 24 മണിക്കൂറും മനുഷ്യ സാമീപ്യമുള്ള സ്ഥലങ്ങളാണ് ചേക്കാറാനും പ്രജനനം നടത്താനും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറു തുരുത്തുകളിലും ഇവ കൂട്ടമായി വസിക്കാറുണ്ട്. ഇരപിടിയന്മാരില്‍ നിന്ന് രക്ഷതേടാന്‍ വേണ്ടി മാത്രമാണിത്. പക്ഷികള്‍ കൂട്ടമായി താമസിക്കുന്ന ഈമരം മുറിച്ചുമാറ്റിയാല്‍ സുരക്ഷതേടി മറ്റൊരു സ്ഥലത്തേക്ക് ഇവ കൂട്ടമായി തന്നെയാണ് പോകുന്നതെന്ന്്് കെ.എഫ്.ആര്‍.ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.ഇ.എ ജെയ്‌സന്റെ നേതൃത്വത്തില്‍ ഡോ.പി.റിജു നടത്തിയ പഠനത്തില്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാതയോരങ്ങളില്‍ പക്ഷികളുടെ ഇത്തരം വാസകേന്ദ്രങ്ങള്‍ കൂടുതലാണ് ഡോ. പി. റിജു പറഞ്ഞു.
കൂടുതല്‍ സുരക്ഷിതമെന്നു കരുതി പൊതു സ്ഥലങ്ങള്‍ പക്ഷികള്‍ താമസത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ വഴിയോരങ്ങളില്‍ നിന്ന് ഇത്തരം മരങ്ങള്‍ കൂട്ടമായി മുറിച്ചുമാറ്റുന്നത് ഇവയുടെ നാശത്തിന് കാരണമാകും. മഴക്കാലത്തിനോടനുബന്ധിച്ചാണ് ജലപക്ഷികളുടെ പ്രജനന കാലം ഈ സീസണ്‍ കഴിയുന്നത് വരെ ഇവയുടെ ആവാസ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുമെന്ന് ജലപക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന ഡോ.ഗ്രീഷ്മ വ്യക്തമാക്കി.