കോട്ടയം: ആലപ്പുഴക്കു പിന്നാലെ സമീപ ജില്ലയായ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ ചത്ത താറാവുകളില്‍നിന്നു ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച 12 സാംപിളുകളിലും പക്ഷിപ്പനി ബാധയുണ്ടെന്ന് കണ്ടെത്തി. കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടി ഊര്‍ജ്ജിതം
ഇന്നലെ വൈകുന്നേരത്തോടെയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. ആലപ്പുഴയില്‍ സ്ഥിരീകരിച്ച എച്ച് -5 എന്‍ -8 വിഭാഗത്തില്‍പെട്ടതും മനുഷ്യരിലേക്കു പകരാത്തതുമായ പനിയാണു കോട്ടയത്തും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലായി ഒരാഴ്ചയ്ക്കിടെ 3500ഓളം താറാവുകള്‍ ചത്തിരുന്നു.
ഇന്നലെ മാത്രം 300 ഓളം താറാവുകള്‍ ചത്തു. ജില്ലയില്‍ പത്തോളം പഞ്ചായത്തുകളിലായി ഒരു ലക്ഷത്തിലേറെ താറാവുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചത്തതും രോഗ ബാധയുണ്ടെന്നു സംശയിക്കുന്നതുമായ താറാവുകളെ കൊന്നു തീയിടും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ താറാവുകള്‍ ചത്തു തുടങ്ങിയത്. ചില കര്‍ഷകര്‍ ചത്ത താറാവുകളുടെ ശരീര സ്രവം ഉള്‍പ്പെടെ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ പരിശോധനയ്ക്കു നല്‍കിയിരുന്നു. അവിടെ നിന്നു പക്ഷിപ്പനിയാകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ചത്.