X

പക്ഷിപ്പനി; തിരുവന്തപുരത്ത് 3000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ 3000 പക്ഷികളെ കെന്നൊടുക്കും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി സ്വീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിന്റെ 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തു പക്ഷികളെയാണ് കൊല്ലുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞ ആഴ്ച്ച ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കോഴി, താറാവ് അടക്കമുള്ള വളര്‍ത്തു പക്ഷികളെ മുഴുവനായി കൊന്നൊടുക്കാന്‍ തീരുമാനമെടുത്തത്. മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനുമാണ് തീരുമാനം. കൊല്ലുന്ന പക്ഷികളില്‍ 2 മാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 2 മാസത്തില്‍ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. മുട്ടയൊന്നിന് 8 രൂപയും, തീറ്റ കിലോയ്ക്ക് 22 രൂപയും കൊടുക്കും.

webdesk14: