X
    Categories: indiaNews

ബിപോർജോയ്‌ ചുഴലിക്കാറ്റ് ; ഗുജറാത്ത് തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരും

ബിപോർജോയ്‌ ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ കച്ചിനും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ കരയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗുജറാത്ത് തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ആരംഭിച്ചു.ചുഴലിക്കാറ്റിന്റെ ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേർന്നു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര ജില്ലകളിലെ തീരത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത് .തീരത്തിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 7,500 ഓളം ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

“കച്ച്, ജാംനഗർ, മോർബി, ഗിർ സോമനാഥ്, പോർബന്തർ, ദേവഭൂമി ദ്വാരക ജില്ലകളിൽ ജൂൺ 13 മുതൽ 15 വരെ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റും ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ പന്ത്രണ്ട് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഒഴിപ്പിച്ചവർക്ക് പാർപ്പിടം, ഭക്ഷണം, മരുന്നുകൾ എന്നിവയ്ക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. കൂടാതെ, കരസേനയും നാവികസേനയും സജ്ജമാണ്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ തീരത്ത് പട്രോളിംഗ് നടത്തുന്നുണ്ട്

പാകിസ്ഥാൻ സർക്കാരും സിന്ധിലെയും ബലൂചിസ്ഥാനിലെയും അധികാരികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. സിന്ധ്, മക്രാൻ തീരങ്ങളിൽ ഇന്ന് രാത്രി മുതൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

webdesk15: