അഗര്‍ത്തല: മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം വിഡ്ഢിത്തങ്ങള്‍ വിളമ്പി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പുതിയ കണ്ടുപിടുത്തവുമായി വീണ്ടും രംഗത്ത്. താറാവുകള്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. താറാവുകളെ നീന്താന്‍ വിടുന്നതിലൂടെ ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ സാധിക്കും. ഇതിനായി സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ താറാവുകളെ വിതരണം ചെയ്യും. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചക്ക് ഉപകാരപ്പെടുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.
രുദ്രസാഗറില്‍ ബോട്ട് റേസ് പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പുതിയ പരാമര്‍ശം. തടാകത്തിനരികില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 50,000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായും ബിപ്ലബ് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത് നടപ്പാക്കും. താറാവുകള്‍ വെള്ളത്തിലൂടെ നീന്തുമ്പോള്‍ ജലാശയത്തിലെ ഓക്‌സിജന്റെ അളവ് കൂടും. ഇതുവഴി വെള്ളത്തിലെ മീനുകള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ കിട്ടുമെന്ന് ബിപ്ലബ് കുമാര്‍ പറഞ്ഞു.
അധികാരത്തില്‍ വന്നത് മുതല്‍ മണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞ ആളാണ് ബിപ്ലബ് ദേബ്. മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വെളിപാട്. മുന്‍ ലോക സുന്ദരി ഡയാന ഹൈഡനെ വിമര്‍ശിച്ചതിന് ബിപ്ലബ് പിന്നീട് മാപ്പ് പറഞ്ഞിരുന്നു.
സിവില്‍ എഞ്ചിനീയര്‍മാരാണ് സിവല്‍ സര്‍വീസിന് പോകേണ്ടത്, യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ ഓടാതെ പശുവിനെ വളര്‍ത്തണം തുടങ്ങിയ ബിപ്ലബ് ദേവിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. നിരന്തരമായി മണ്ടത്തരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു.