X

ബിപാര്‍ജോയ് ഇന്ന് തീരം തൊടും; തീരങ്ങളില്‍ മുന്നൊരുക്കം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടെ കാറ്റ് കര തൊടുമെന്നാണ് വിവരം. ഇന്ത്യയില്‍ ഗുജറാത്ത് തീരത്തു കൂടേയും പാകിസ്താനില്‍ സിന്ദ് പ്രവിശ്യയിലുമായിരിക്കും കാറ്റ് തീരം തൊടുക.

ഇന്നലെ മുതല്‍ കാറ്റിന് ശക്തി കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും കരയിലേക്ക് കടന്നാല്‍ കാറ്റ് വന്‍ നാശം വിതച്ചേക്കും. പാകിസ്താനില്‍ 60,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗുജറാത്തി ല്‍ 45,000 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ തെക്ക് – തെക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറ്റിന്റെ സ്ഥാനം സിന്ധ് തീരത്തുനിന്ന് 350 കിലോമീറ്റര്‍ മാറിയാണ്.

കാറ്റഗറി 1 ചുഴലിക്കാറ്റിന്റെ ഇനത്തിലാണ് ബിപാര്‍ജോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 160 കി.മീ ആണ് വേഗം. ഇത് 195 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ തീര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ഭീതിയും നിലനില്‍ക്കുന്നുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി സിന്ധ് തീരത്ത് ശക്തമായ പൊടിക്കാറ്റ് ഉയരുന്നുണ്ട്. ഗുജറാത്ത് തീരത്തും സമാനമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര തീരത്തും കാറ്റ് നാശം വിതച്ചേക്കും.
രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ് പറഞ്ഞു.

webdesk11: