എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളിയെ മറക്കാന്‍ പാടില്ലെന്ന് സി.പി.ഐ നേതാവും എ.ഐ.ടി.യു.സി ദേശീയ വര്‍ക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം എം.പി. നയം നടപ്പാക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സമരത്തില്‍ സംസാരിക്കവെയാണ് ഇടത് സര്‍ക്കാറിനെ ബിനോയ് വിശ്വം രൂക്ഷമായി വിമര്‍ശിച്ചത്.
സര്‍ക്കാറിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റം വേണം. അല്ലെങ്കില്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്‍ നമ്മള്‍ പ്രതിജ്ഞയെടുത്ത ഈ സര്‍ക്കാറിനോട് ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
നാം സര്‍ക്കാറിനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നവരല്ല. വെളിച്ചത്തിന്റെ കാവല്‍ക്കാരാകേണ്ട, വെളിച്ചം ഉയര്‍ത്തി പിടിക്കുമെന്ന് പറഞ്ഞ സര്‍ക്കാറിന് പ്രതിജ്ഞ പാലിക്കാന്‍ സാധിക്കണം. എല്‍.ഡി.എഫിലെ ഖജനാവിലെ പണം പങ്കുവെക്കുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് വിശക്കുന്നവനെപ്പറ്റിയാണ്.
വിശക്കുന്നവര്‍, കാത്തിരിക്കുന്നവര്‍, ദുര്‍ബലരായവര്‍ അടക്കം പതിനായിരക്കണക്കിന് പേര്‍ ഇവിടെയുണ്ട്. ആ പതിനായിരങ്ങള്‍ എല്‍.ഡി.എഫിന്റെ കരുത്തെന്ന് മറക്കാന്‍ പാടില്ല.
വിഭവങ്ങള്‍ കുറവും പരിമിതവുമാണെങ്കിലും അത് പങ്കുവെക്കുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളിയെ മറക്കാന്‍ പാടില്ല. പരമ്പരാഗത മേഖലെയും പൊതുമേഖലയെയും പാവങ്ങളെയും മറക്കാന്‍ പാടില്ല. ഇവരെ പരിരക്ഷിക്കാനായി പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ആ ബോധ്യം സര്‍ക്കാറിനും ഉണ്ടാവണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നവര്‍ നമ്മുടെ സഖാക്കളും സുഹൃത്തുക്കളും ബന്ധുക്കളും നേതാക്കളുമാണ്. അവരോട് സ്‌നേഹമുണ്ട്. വന്ന വഴി മറക്കരുതെന്നാണ് അവരോട് പറയാനുള്ളത്. നാളെ പോകേണ്ട വഴിയും മറക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.