X

ബിനോയിക്ക് തിരിച്ചടി: ഡി.എന്‍.എ പരിശോധനക്ക് നാളെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് കോടതി

മുംബൈ: പീഡനപരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടി. ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡി.എന്‍.എ പരിശോധന നാളെ നടത്തി രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബോംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പരിശോധന ഫലം മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പീഡന കേസിലെ എഫ്. ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക തീരുമാനം. അതേസമയം, ഡി.എന്‍.എ പരിശോധനക്കായി തന്റെ രക്തസാമ്പിളുകള്‍ സമര്‍പ്പിക്കാമെന്ന് ബിനോയ് കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിളുകള്‍ നല്‍കിയിരുന്നില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ ചൂണ്ടിക്കാട്ടിയാണ് രക്തസാമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് ബിനോയ് വ്യക്തമാക്കിയത്. നേരത്തെ അനാരോഗ്യം മൂലം തനിക്ക് രക്തസാമ്പിളുകള്‍ നല്‍കാനാവില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു.

chandrika: