തിരുവനന്തപുരം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടെ സി.പി.എം നേതൃത്വം വെട്ടിലായി. ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെയാണ് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വന്‍ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പതിമൂന്ന് കോടിയുടെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് ബിനോയ് കോടിയേരിക്കെതിരെ ദുബായ് കമ്പനി സി.പി.എം നേതൃത്വത്തിന് പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ തയാറാകാതിരുന്ന കോടിയേരി മകനെതിരെ കേസില്ലെന്നും മകന്‍ തന്നെ പ്രതികരിക്കുമെന്നും അറിയിച്ച് തടിയൂരി. പാര്‍ട്ടിയിലെ മറ്റ് നേതാക്കളാകട്ടെ കൃത്യമായ മറുപടി പറയാനാവാതെ കുഴയുന്ന സ്ഥിതിയിലുമാണ്. ആരോപണം കോടിയേരിക്ക് എതിരെയല്ല, മകനെതിരെയാണെന്നും അതുകൊണ്ടുതന്നെ സി.പി.എം നേതൃത്വം ഇത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ വിശദീകരണം. എന്നാല്‍ സംഭവം ദുബായ് കമ്പനി ഉടമ നേരത്തെ തന്നെ കോടിയേരിയെ അറിയിച്ചിരുന്നെന്നും സംഭവം ഒത്തുതീര്‍ക്കാന്‍ കോടിയേരി ശ്രമിച്ചിരുന്നതായും പുറത്തുവന്ന വാര്‍ത്ത അതീവഗൗരവമുള്ളതാണ്. സാധാരണഗതിയില്‍ സംസ്ഥാന സെക്രട്ടറിക്കെതിരെ ഇത്തരമൊരു ആരോപണമുയര്‍ന്നാല്‍ പാര്‍ട്ടിതലത്തിലെ അന്വേഷണമെങ്കിലും പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ വിഷയം ലഘൂകരിക്കാനാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നത്.
അതേസമയം കോടിയേരിക്കു നേരെ ഉയര്‍ന്ന ആരോപണം ഗൗരവമായി കാണണമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാല്‍ നേതാക്കള്‍ കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പതിവിലും വീര്യത്തോടെ വിവാദം പുകയും. നേരത്തെ ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനെതിരെ നടപടി എടുത്ത പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ജയരാജന്‍ നേരിട്ട് അഴിമതി നടത്തുകയോ സാമ്പത്തിക ഇടപാടുകളില്‍ പെടുകയോ ചെയ്തിട്ടില്ല. ബന്ധുവിനെ ഉന്നത പദവിയില്‍ നിയമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് ജയരാജന്റെ പ്രവര്‍ത്തി പാര്‍ട്ടിയുടെ ധാര്‍മികതക്ക് ചേരുന്നതല്ലെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത്. നിലവില്‍ കോടിയേരിക്കെതിരെ ‘ധാര്‍മികത’ ഉന്നയിക്കാന്‍ വകുപ്പുണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
ബിനോയ് കോടിയേരിയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും കേസിന്റെ നടപടികള്‍ക്കായി ഭാരത സര്‍ക്കാരിനെ സമീപിക്കുമെന്നും ദുബായ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സി.പി.എമ്മിനെ കൂടുതല്‍ ആശങ്കയിലാക്കും.
കൊല്‍ക്കത്തയില്‍ നടന്ന സി.പി.എം കേന്ദ്രക്കമ്മിറ്റിയില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി കൊണ്ടുവന്ന സമീപന രേഖയെ വോട്ടിനിട്ട് തോല്‍പിച്ചതുമായി ബന്ധപ്പെട്ട വിവാദം സി.പി.എമ്മിനുള്ളിലും മറ്റ് ഇടതുപാര്‍ട്ടികളിലും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സമീപനരേഖ സംബന്ധിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കും. ഇതിനിടയില്‍ പ്രകാശ് കാരാട്ട് പക്ഷത്തെ ശക്തനായ നേതാവ് കൂടിയായ കോടിയേരിയെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ യെച്ചൂരിയും ബംഗാള്‍ ഘടകവും ബിനോയിയുടെ തട്ടിപ്പ് എടുത്തുയര്‍ത്താനും ഇടയുണ്ട്.