മീററ്റ്: വോട്ട് പെട്ടിയിലായെങ്കിലും മീററ്റിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി യോഗേഷ് വര്‍മക്ക് വിശ്രമമില്ല. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തെ ഇലയനക്കം പോലും വര്‍മ നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ബൈനോക്കുലറും വാഹനവും അടക്കം പ്രത്യേക സജ്ജീകരണങ്ങളും സജ്ജമാക്കി വോട്ടണ്ണല്‍ കേന്ദ്രമായ കാര്‍ഷിക സര്‍വകലാശാലയുടെ പുറത്ത് ക്യാമ്പ് ചെയ്യുകയാണ് അദ്ദേഹം.
മീററ്റിലെ ഹസ്തിനപുരി നിയമസഭാ മണ്ഡലത്തിലെ എസ്.പി- ആര്‍.എല്‍.ഡി സഖ്യ സ്ഥാനാര്‍ത്ഥിയാണ് യോഗേഷ് വര്‍മ. സര്‍ധാന, സിവല്‍ഖസ് മണ്ഡലങ്ങളിലെ വോട്ടുകളും ഇതേ കേന്ദ്രത്തിലാണ് എണ്ണുന്നത്. തുറന്ന ജീപ്പില്‍ പ്രദേശത്തെത്തിയ വര്‍മ തന്റെ വാഹനം 400 മീറ്റര്‍ അകലെ നിര്‍ത്തി സ്‌ട്രോങ്‌റൂം ബൈനോക്കുലറിലൂടെ പരിശോധിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. മൂന്നു കിലോമീറ്റര്‍ പരിധിയിലുള്ള കാര്യങ്ങള്‍ വരെ ബൈനോക്കുലറിലൂടെ എനിക്ക് കാണാന്‍ കഴിയും. സമീപത്തെ കെട്ടിടങ്ങളിലെയും ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെയും നീക്കങ്ങള്‍ തന്റെ നിരീക്ഷണത്തിലാണ്. വോട്ടെണ്ണല്‍ ദിനം വരെ ജാഗ്രത തുടരും- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൃത്രിമം നടത്തിയെന്നും അതാണ് തന്നെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്നും വര്‍മ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷ ഒരുക്കിയതുപോലെ തന്റെ പാര്‍ട്ടിയും ഇവിടെ കാവല്‍ തുടരുകയാണ്. ‘രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് കാവലിനുള്ളത്. ക്രമക്കേട് ഉണ്ടായാല്‍ ഉടന്‍ നേതാക്കളെ അറിയിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സ്‌ട്രോങ് റൂമിലെ വൈദ്യുതി വിതരണം 45 മിനിറ്റോളം വിച്ഛേദിക്കപ്പെട്ടു, ഇത് സിസിടിവി ക്യാമറകള്‍ ബ്ലാക്ക് ഓഫ് ചെയ്യാന്‍ കാരണമായി. ഞങ്ങളുടെ സംഘം ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു- വര്‍മ പറഞ്ഞു.