X
    Categories: keralaNews

പി.കെ ഫിറോസിന്റെ ‘ഉണ്ടയില്ലാ വെടി’ സിപിഎമ്മിന്റെ ഇടനെഞ്ചില്‍ തന്നെ കൊണ്ടു; പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യമുന്നയിച്ചത് യൂത്ത്‌ലീഗ്. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ബിനീഷിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ പുറത്തുവിട്ടത്.

ഫിറോസ് ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണ് എന്നായിരുന്നു ബിനീഷ് കോടിയേരിയും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വവും ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ ഫിറോസിന്റെ ഉണ്ടയില്ലാ വെടി സിപിഎമ്മിന്റെ ഇടനെഞ്ചില്‍ തന്നെ തറയ്ക്കുന്നതാണ് ഇന്ന് കേരളം കാണുന്നത്. മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളതിന്റെ പേരില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ യൂത്ത്‌ലീഗിന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.

മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദിന് മയക്കുമരുന്ന് കടത്തിന് എല്ലാവിധ സാമ്പത്തിക സഹായവും നല്‍കിയത് ബിനീഷാണെന്ന് തെളിഞ്ഞതോടെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അനൂപിനെ അറിയാമെന്നും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും ബിനീഷ് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്ന് ബിസിനസ് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ അനൂപ് മുഹമ്മദിന്റെ മൊഴി ബിനീഷിന് എതിരായതോടെയാണ് ഇഡി അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്.

ഇന്ന് രാവിലെയാണ് ബിനീഷ് അതീവ രഹസ്യമായി ബെംഗളൂരു ഇഡി ഓഫീസിലെത്തിയത്. ആറ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ബിനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കൂടി കുടങ്ങിയതോടെ ഇരട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് സിപിഎം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: