ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. വയറുവേദന ഉണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ബിനീഷിനെ ആശുപത്രിക്ക് പുറത്തുള്ള സ്‌കാനിങ് സെന്ററില്‍ സ്‌കാനിങിന് വിധേയനാക്കി. ബെംഗളൂരുവില്‍ ഇഡിയുടെ കസ്റ്റഡിയില്‍ ഇന്ന് മൂന്നാം ദിവസവും ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടു.
വൈകുന്നേരം 4 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്‌കാനിങിന് ശേഷം ബിനീഷിനെ തിരികെ ഇഡി ആസ്ഥാനത്ത് എത്തിക്കും. ബംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയിരുന്നത്. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
നാലു ദിവസമായി ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഇന്ന് ഓഫിസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തു സംസാരിച്ചത് വിവാദമായിരുന്നു.
ചോദ്യം ചെയ്യലിനിടെ കടുത്ത നടുവേദന ഉള്ളതായി ബിനീഷ് അറിയിച്ചു തുടര്‍ന്ന് ആദ്യം വിക്‌ടോറിയ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ബിനോയ് കോടിയേരി ആശുപത്രിയിലെത്തുകയും ചെയ്തു. എന്നാല്‍ പ്രധാന കോവിഡ് കെയര്‍ സെന്റര്‍ ആയതിനാല്‍ വിക്‌ടോറിയ ആശുപത്രിയില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
ബി കാപിറ്റല്‍ ഫോറക്‌സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ കമ്പനികളില്‍ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നതാണ് കാരണം.