കോഴിക്കോട്: ബംഗളൂരുവില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ തനിക്ക് അറിയാമെന്നും റസ്റ്ററന്‍ഡിനായി പണം നല്‍കിയിട്ടുണ്ട് എന്നും ബിനീഷ് കോടിയേരി. വര്‍ഷങ്ങളായി പരിചയമുള്ള അനൂപിനെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത എന്നെ പോലെ അവനെ അറിയുന്നവര്‍ക്ക് ഞെട്ടിപ്പിക്കുന്നതാണ്. അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് അവകാശപ്പെട്ടു.
അനൂപടക്കം ബംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചിരുന്നു. ഇതോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്.
‘അനൂപ് ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂബ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. അത് പിന്നീട് പൊളിഞ്ഞു. ബംഗളൂരുവിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂപാണ്. അങ്ങനെയുള്ള അനൂപിനെ മാത്രമേ എനിക്കറിയൂ. അനൂപിന് മയക്ക് മരുന്നുമായി ബന്ധമുള്ള കാര്യം എനിക്കറിയില്ല’- ബിനീഷ് പറയുന്നു.
‘ അനൂപിനെ ഞാന്‍ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോര്‍മയില്ല. എന്‍.ഐ.എ ചോദിക്കുകയാണെങ്കില്‍ കോള്‍ ലിസ്റ്റെല്ലാം കൊടുക്കാം. മാനനഷ്ടത്തിനൊന്നും ആര്‍ക്കെതിരെയും കേസുകൊടുക്കില്ല. എനിക്കെതിരെ എല്ലാ ദിവസവും ഇതുപോലെ ആരോപണം വന്നുകൊണ്ടിരിക്കും. അതിന്റെ പിന്നില്‍ നടന്ന് മാനനഷ്ടകേസ് നല്‍കുന്നതിലൊന്നും എനിക്ക് താത്പര്യമില്ല’ – അദ്ദേഹം പറഞ്ഞു.