X
    Categories: main stories

ബിനീഷ് കോടിയെരിയുടെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ കുടുംബത്തെ ഇഡി അധികൃതര്‍ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. ബിനീഷിന്റെ അമ്മയുടെ സഹോദരി അടക്കമുള്ള ബന്ധുക്കളാണ് വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. കൊച്ചുകുട്ടികളും പ്രായമുള്ളവരും ബിനീഷിന്റെ വീട്ടിലുണ്ട്. അവരെ കാണാന്‍ അനുവദിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. കാണാന്‍ അനുവദിക്കാതെ തിരിച്ചുപോവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇന്നലെ രാവിലെയാണ് ഇഡി ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചിരുന്നു. എന്നാല്‍ റെയ്ഡില്‍ കണ്ടെത്തിയ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണ് എന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്. അതുകൊണ്ട് മഹസറില്‍ ഒപ്പിടാന്‍ തയ്യാറല്ലെന്ന് ഭാര്യ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ ഇപ്പോഴും ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്.

അതേസമയം വീടിന് മുന്നില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്‍മാറില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. റെയ്ഡിനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. പക്ഷെ ബിനീഷിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കാന്‍ ഇഡിക്ക് എന്താണ് അധികാരമെന്ന് ഇവര്‍ ചോദിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: