ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും കേസ് അസാധു ആക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആവശ്യം. എന്നാൽ ഇ.ഡി ഇക്കാര്യത്തിൽ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് ഇ.ഡി അറിയിച്ചു.
അതിനിടെ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് ബംഗളൂരു സിറ്റി സെഷൻസ് കോടതി പരിഗണിക്കും. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ റിമാൻഡ് കാലാവധി തീരുന്നതിനാൽ നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുൾ ലത്തീഫ് ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറ്കടേറ്റ് മുൻപാകെ ഹാജരായേക്കും. ലത്തീഫും ബിനീഷും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് ഇ.ഡിയിൽ നിന്നു ലഭിക്കുന്ന സൂചന. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, സുഹൃത്ത് അരുൺ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.