കള്ളപ്പണം വെളുപ്പിച്ചെടുക്കലിന്റെ ക്ലാസിക് ഉദാഹരണമാണ് ബിനീഷ് കോടിയേരിയുടെ കേസ്; കുറ്റപത്രത്തില്‍ ഇഡി

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ പണം വെളുപ്പിച്ചെടുക്കല്‍, കള്ളപ്പണം വെളുപ്പിച്ചെടുക്കല്‍ കേസിന്റെ ക്ലാസിക് ഉദാഹരണമാണെന്ന് ഇഡി. ബിനീഷിനെതിരായ കുറ്റപത്രത്തിലാണ് ഇത് പറയുന്നത്. ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയാണ് ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചത്.

കേസിലെ സുപ്രധാന കണ്ണിയായ മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് കൃത്യമായ അറിവുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബിനീഷിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

ബിനീഷ് നല്‍കിയ പണമുപയോഗിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകള്‍ വഴി, അനൂപ് മുഹമ്മദ് വലിയ തുക സമ്പാദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഹോട്ടല്‍ ബിസിനസ് മറയാക്കി ഈ പണം അനൂപ് വെളുപ്പിച്ചെടുത്തു. ബിസിനസിന്റെ ഭാഗമായി അനൂപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അനധികൃതമായി പണം സമ്പാദിച്ച് വെളുപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതൊരു ഉത്തമ ഉദാഹരണമാണെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്.

web desk 1:
whatsapp
line