ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് കുരുക്കായത് പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴി. ആഗസ്റ്റ് 21ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയില്‍ ഹോട്ടല്‍ ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് കോടിയേരി നല്‍കിയെന്ന് മൊഴി നല്‍കിയിരുന്നു.
അനൂപ് മുഹമ്മദ്, ബംഗളൂരു സ്വദേശിനി അനിഘ, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ അറസ്റ്റിന് പുറമെ കന്നട സിനിമ മേഖലയിലെ നടിമാരടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്‍സിബിയും ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്ന മയക്കുമരുന്ന് കേസുകളിലെ ഹവാല ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
2015 മുതല്‍ 2020 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ അനൂപ് മുഹമ്മദിന്റെഅക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ വന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ 30 ലക്ഷം രൂപ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് ലഭിച്ചത്. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അനൂപിനെ ആദ്യം ചോദ്യം ചെയ്ത ഇ.ഡി പിന്നീട് ഒക്‌ടോബര്‍ ആറിന് ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫിസില്‍ വിളിച്ചുവരുത്തി ആറു മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തിരുന്നു.
അനൂപിന്റെ ലഹരി ഇപാടുകളെ കുറിച്ച് അറിയില്ലെന്നും ഹോട്ടല്‍ ബിസിനസിനായാണ് ആറു ലക്ഷം രൂപ രണ്ടു തവണയായി താന്‍ അനൂപിന് കടം നല്‍കിയതെന്നും ബിനീഷ് മൊഴി നല്‍കി. താന്‍ ബിനീഷിനോടാണ് പണം ആവശ്യപ്പെട്ടതെന്നും തന്റെ അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് അറിയില്ലെന്നുമാണ് അനൂപ് നല്‍കിയ മൊഴി. അനൂപിന്റെ ഹോട്ടല്‍ ബിസിനസിന്റെ മറവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ക്കായി വന്‍തോതില്‍ കള്ളപ്പണം ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം.