X

ഇടതിനെതിരെ യുദ്ധം ചെയ്യുകയാണ്; ബിനീഷ് കേസില്‍ മാധ്യമങ്ങളെ പഴിച്ച് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ മാധ്യമങ്ങളെ പഴിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. ഇഡി അന്വേഷിക്കുന്ന കേസുകളെ മഹത്വവല്‍ക്കരിക്കുന്നു. അസത്യം പ്രചരിപ്പിച്ച് മസ്തിഷ്‌കപ്രക്ഷാളനം നടത്താനാണ് ശ്രമം. ആയിരം നുണ കുറേപ്പേര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചാല്‍ ചിലര്‍ വിശ്വസിച്ചെന്ന് വരും. സി.പി.എം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയാണ്’ –

കോടിയേരി ബാലകൃഷ്ണന്‍.

അതിനിടെ, മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം തലസ്ഥാനത്തെത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നാണ് സൂചന. ബിസിനസ് പങ്കാളികളുടെ വീട്ടിലും റെയ്ഡ് ഉണ്ടായേക്കും.

മരുതംകുഴിയിയില്‍ കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടുത്തിടെ വരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. പിന്നീട് കോടിയേരി എകെജി സെന്ററിന് സമീപം പാര്‍ട്ടി അനുവദിച്ച ഫഌറ്റിലേക്ക് മാറുകയായിരുന്നു.

ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുള്‍ ലത്തീഫിന്റെയും വീട്ടിലും സ്ഥാപനങ്ങളിലും ഇഡി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും എന്നാണ് വിവരം. അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Test User: