X

ബിന്ദുഅമ്മിണിയെ ആക്രമിച്ച കേസ്;ഒരാള്‍ അറസ്റ്റില്‍

സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെ മേഖലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെയാണ് മദ്യലഹരിയില്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണിയെ ഒരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ ബിന്ദു തന്നെ അവരുടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

അതേസമയം സ്ത്രീകള്‍ക്കും ദലിതര്‍ക്കും സുരക്ഷിതത്വമില്ലാത്ത കേരളത്തില്‍ നിന്ന് താമസം മാറുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി പ്രതികരിച്ചു. സ്ത്രീകളും ദലിതരും ആദിവാസികളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കേരളത്തില്‍ അരക്ഷിതാവസ്ഥയാണെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെയുണ്ടായ സംഘ്പരിവാര്‍ ആക്രമണത്തില്‍ പ്രതിക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാറിന്റെ വിവിധ ഗ്രൂപ്പുകളാണ്. ആക്രമണം ആസൂത്രിതമാണ്. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ബിന്ദു ആരോപിച്ചു.

ശബരിമല കയറുന്ന സ്ത്രീകള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും വാക്ക് വിശ്വസിച്ചാണ് ബിന്ദു അമ്മിണി ശബരിമലയില്‍ പോലീസ് സുരക്ഷയോടെ പ്രവേശിച്ചത്. അതേതുടര്‍ന്ന് നിരവധി തവണ ആക്രമിക്കപ്പെട്ടു. പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചു. താന്‍ ദലിത് വനിതയായതിനാലാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നടപടിയെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.

അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമം നടന്നതായി ബിന്ദു അമ്മിണി പൊലീസില്‍ പരാതിപ്പെട്ടത്. കൊയിലാണ്ടിക്കടുത്ത് പൊയില്‍കാവില്‍ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

Test User: