X
    Categories: main stories

സംസ്ഥാനത്തെ രണ്ട് സിപിഎം മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ 200 ഏക്കര്‍ ഭൂമി; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ രണ്ട് സിപിഎം മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണം. സ്വര്‍ണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വന്‍കിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇഡിക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീളുന്നത്.

ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇഡിക്ക് വിവരം ലഭിച്ചതായാണ് വിവരം. കണ്ണൂര്‍ സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്തേക്കും. സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇഡി ശേഖരിക്കുകയാണ്.

അടുത്തിടെ സര്‍വീസില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇടപാടിന് ഇടനിലക്കാരനായി നിന്നത്. ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്‍ സഹിതമാണ് ഇഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഈ ഐഎഎസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാര്‍ക്ക് കിട്ടിയെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഈ മുന്‍ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരില്‍ 50 ഏക്കറോളം ഭൂമിയുണ്ട്. ചില നിര്‍ണായക ഇടപാടുകള്‍ക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയില്‍ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐഎഎസ് ഉന്നതന്റെ ഇടപാടുകള്‍ പുറത്തുവന്നതെന്നും സൂചനയുണ്ട്.

കടപ്പാട്: കേരള കൗമുദി

ചന്ദ്രിക വെബ് ഡെസ്‌ക്‌: