X

വൈദ്യുതി നിരക്ക് വര്‍ധന: ‘അദാനിക്ക് വേണ്ടിയുള്ള വന്‍ അഴിമതി കുറഞ്ഞ വിലയ്ക്കുള്ള കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ ഒത്തുകളി’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതല്‍ 14 രൂപ നിരക്കിലാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇത് നാല് അദാനി കമ്പനികളില്‍ നിന്നാണ് ചൂണ്ടിക്കാട്ടിയ അദ്ദേഹം, റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ ഒഴിവാക്കി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് ബോര്‍ഡിനെ കടക്കെണിയിലാക്കിയത്. യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാര്‍ 2016 ല്‍ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഒപ്പുവെച്ചത്. അത് റദ്ദാക്കി യൂണിറ്റിന് 10 മുതല്‍ 14 രൂപ വരെ വിലയ്ക്ക് കറണ്ട് വാങ്ങാന്‍ നാല് അദാനി കമ്പനികളുമായി സംസ്ഥാനം കരാറുണ്ടാക്കി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത് ഒത്തുകളിയാണ്. റെഗുലേറ്ററി കമ്മീഷനിലുള്ളത് സര്‍ക്കാര്‍ നോമിനികളാണ്. ഭരണക്കാരുടെ താത്പര്യമുസരിച്ചാണ് അവര്‍ നടപടിയെടുത്തിരിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാവും.

കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ അദാനിയെ കൊണ്ടുവരാനാണ് യു.ഡി.എഫ് ഭരണകാലത്തെ കരാര്‍ സാങ്കേതിക കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാരും റഗുലേറ്ററി കമ്മീഷനും ചേര്‍ന്ന് ഒഴിവാക്കിയത്. കരാറുകള്‍ റദ്ദാക്കിയത് കാരണം ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ട് കോടിവരെ രൂപയുടെ നഷ്ടം ബോര്‍ഡിന് ഉണ്ടാകുന്നുണ്ട്. ഇത് വരെ 1600 കോടിരൂപയുടെ വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയിലാണ് വരുന്നത്. കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവല്‍കരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരക്ക് വര്‍ധനവില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. നിരക്ക് വര്‍ധന സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ല.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിനെ സംരക്ഷിക്കാനുള്ള നടപടിയാണ് മന്ത്രി രാജീവിന്റെ ഭാഗത്ത് നിന്നുണ്ടായത്. കരാര്‍ ലംഘനത്തില്‍ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നു. ദിവ്യയെ സംരക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണം എതിര്‍ക്കുന്നത്. ഭയക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

webdesk14: