X

ബില്‍കീസ് ബാനു കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസിലെ പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് വെറുതെവിട്ടതിനെതിരായ ഹര്‍ജി ഒക്ടോബര്‍ ഒമ്പതിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.
പരാതിക്കാരോട് വാദങ്ങള്‍ ചുരുക്കി ഫയല്‍ ചെയ്യാന്‍ ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജല്‍ ബുയൂന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതികളുടെ വാദം പൂര്‍ത്തിയായതാണെന്നും ഇനി വാദി ഭാഗത്തിന്റെ വാദമാണ് പൂര്‍ത്തിയാവാനുള്ളതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

മുഴുവന്‍ കേസും വീണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതുതായി കൂട്ടിച്ചേര്‍ക്കാനുള്ള വാദങ്ങള്‍ ചുരുക്കി കുറിപ്പായി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ സെപ്തംബര്‍ 20ന് ഹര്‍ജിയില്‍ വാദം കേള്‍ക്കേ പ്രതികള്‍ക്ക് മാപ്പ് ആവശ്യപ്പെടാന്‍ മൗലികാവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. നേരത്തെ ഓഗസ്റ്റ് 17ന് ഹര്‍ജിയില്‍ വാദം കേള്‍ക്കേ സര്‍ക്കാറിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. മാനസിക പരിവര്‍ത്തനത്തിനായി കുറ്റവാളികളെ മോചിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞെടുക്കരുതെന്നു കോടതി പറഞ്ഞിരുന്നു.

പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ബില്‍കീസ് ബാനു, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, മുന്‍ ലക്‌നൗ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മ, ടി.എം.സി എം.പി മഹുവ മൊയ്ത്ര, സി. പി.എം നേതാവ് സുഭാഷിണി അലി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

webdesk11: