X
    Categories: MoreViews

ബില്‍കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി; പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2002-ലെ വംശഹത്യക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയായ ബില്‍കീസ് ബാനുവിന് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ലോകശ്രദ്ധയാകര്‍ഷിച്ച കേസിലെ കേസില്‍ തെളിവു നശിപ്പിച്ചതിന് കുറ്റാരോപിതരായ പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എന്ത് നടപടിയെടുത്തു എന്ന് കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ചോദിച്ചു. ഇവരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ചതിനെ കോടതി ചോദ്യം ചെ്തു.

2002-ല്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വംശഹത്യക്കിടെയാണ് ബില്‍കീസ് യാകൂബ് റസൂല്‍ എന്ന ബില്‍കീസ് ബാനുവിനെ ആള്‍ക്കൂട്ടം ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്നര വയസ്സുള്ള മകളടക്കം, ഇവരുടെ കുടുംബത്തിലെ 14 പേരെ അക്രമികള്‍ കൊന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയോടെ നിയമ യുദ്ധം നയിക്കുന്ന ബില്‍കീസ് ബാനുവിന് വിചാരണ കോടതിയില്‍ നിന്ന് ഭാഗിക നീതി ലഭിച്ചിരുന്നു. കേസില്‍ 11 പേരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.

മെയ് 4-ന് ഈ ശിക്ഷ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസില്‍ ഗുജറാത്ത് പൊലീസ് ഓഫീസര്‍മാരും ഗവണ്‍മെന്റ് ആസ്പത്രിയിലെ ഡോക്ടര്‍മാരുമടക്കം വിചാരണ കോടതി വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ ഓരോരുത്തരില്‍ നിന്നും 55,000 രൂപ വീതം ഈടാക്കി ബില്‍കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കണമന്നും കോടതി വിധിച്ചു. നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് കോടതി വിധിയെന്ന് ബില്‍കീസ് ബാനു പ്രതികരിച്ചിരുന്നു.

കേസില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചതോടെയാണ് ബില്‍കീസ് ബാനു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: