ന്യൂഡല്‍ഹി: തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ഹിന്ദി നടി കങ്കണ റണാവത്തിനെതിരെ ഷാഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനു. അരിവാള്‍ കൊണ്ട് വിളവെടുക്കുന്നയാളാണ് താനെന്നും തന്നെക്കുറിച്ച് അവര്‍ക്കെന്തറിയാമെന്നും ബാനു ചോദിച്ചു.
ഇന്ത്യയിലെ കരുത്തുറ്റ വനിതയായി ടൈം മാഗസിന്‍ വിശേഷിപ്പിച്ച ദാദി നൂറു രൂപ കൊടുത്താല്‍ എവിടെയും പ്രതിഷേധത്തിന് എത്തും എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
‘ഒരു നടി എന്നെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞെന്നു കേട്ടു. എന്നെക്കുറിച്ച് അവര്‍ക്ക് എന്തറിയാം? അവര്‍ എന്റെ വീട് കണ്ടിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് അറിയില്ല. എന്നിട്ടാണ് 100 രൂപക്ക് ഞാന്‍ എവിടെയും എത്തും എന്നു പറയുന്നത്. എനിക്ക് മൂന്ന് പെണ്‍മക്കളുണ്ട്. എല്ലാവരെയും വിവാഹം ചെയ്തയച്ചു. മകനും ഭാര്യയും അവരുടെ മക്കളും എന്നോടൊപ്പമാണ് താമസം. അരിവാള്‍ കൊണ്ട് വിളവെടുക്കുന്ന ആളാണ് ഞാന്‍. പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറികളും ഞാന്‍ തന്നെയാണ് ഉണ്ടാക്കുന്നതും പരിപാലിക്കുന്നതും. എനിക്കിപ്പോഴും ഡല്‍ഹിയില്‍ പോകാന്‍ സാധിക്കും. അതിനുള്ള ആവേശവും ഊര്‍ജവുമുണ്ട്. കര്‍ഷക സമരത്തില്‍ ഞാന്‍ സജീവവുമാണ്’- അവര്‍ വ്യക്തമാക്കി.