കണ്ണൂര്‍: ബൈക്ക് മോഷ്ടാക്കളായ രണ്ടുപേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടട മുബാറക്ക് മന്‍സിലില്‍ മുഹമ്മദ് താഹ(20) തോട്ടട സമാജ് വാദി കോളനിയിലെ സൂര്യന്‍ ഷണ്‍മുഖന്‍(25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പഴയ ബസ്‌സ്റ്റാന്റ് പരിസരത്ത് നിന്ന് സംശയാസ്പദമായ രീതിയില്‍ മുഹമ്മദ് താഹയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്ക് മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് മാസം മുമ്പ് പ്ലാസയിലെ സിറ്റി സെന്റിന് സമീപത്ത് നിന്ന് ഇയാള്‍ ഒരു സ്‌കൂട്ടര്‍ മോഷണം നടത്തിയതായി പൊലീസിനോട് പറഞ്ഞു.
ഒക്ടോബര്‍ 18ന് ബെംഗളുരുവില്‍ നിന്ന് മടങ്ങുന്ന സമയത്ത് കോഴിക്കോട് ഇറങ്ങി ബേബി മെമ്മോറിയല്‍ ആശുപത്രി പാര്‍ക്കിംഗിലെ ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്ക് കുറേനാള്‍ നാട്ടില്‍ ഓടിച്ച് പിന്നീട് ചാലയിലെ ജിംകെയര്‍ ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ നാല് ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തി. ഒരു ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ആക്രിക്കടക്കാരന് നല്‍കി പൊളിച്ച് വില്‍ക്കുകയാണ് ചെയ്തതെന്ന് താഹ പൊലീസിനോട് പറഞ്ഞു.
തോട്ടട സമാജ് വാദി കോളനിയിലെ സൂര്യന്റെ സഹായത്തോടെയായിരുന്നു ബൈക്ക് മോഷണം. ഇതേതുടര്‍ന്നാണ് സൂര്യനെയും കസ്റ്റഡിയിലെടുത്തത്. താഹ പ്രഫഷണല്‍ ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു. താക്കോല്‍ ഇല്ലാതെ ബൈക്ക് ഓണാക്കാന്‍ ഇയാള്‍ക്ക് അറിയാം. യൂട്യൂബ് നോക്കിയാണ് കീ ഇല്ലാതെ ബൈക്ക് ഓണ്‍ ആക്കാമെന്ന് പഠിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സമാന രീതിയില്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി സംശയമുണ്ട്. അറസ്റ്റിലായ രണ്ടുപേരും നേരത്തെ മോഷണ കേസുകളില്‍ പ്രതികളാണ്. മുഹമ്മദ് താഹയ്ക്ക് എടക്കാടും പ്രായപൂര്‍ത്തിയാകാത്ത സമയത്ത് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ ജൂവൈനല്‍ ആക്ടുപ്രകാരവും കേസുകളുണ്ട്. പിടിയിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടിയാല്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും നഗരത്തിലെ വിവിധ കേസുകളില്‍ ഇതോടെ തുമ്പുലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു. ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരി, എസ്‌ഐമാരായ നസീബ്, അഖില്‍, ഉണ്ണികൃഷ്ണന്‍, രാജീവന്‍, എഎസ്‌ഐ അജയന്‍, ഷിനോബ്, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.