തൃപ്പൂണിത്തുറ: സാഹസികയാത്രക്കിടെ യുവതി ബൈക്കില്‍ നിന്ന് തെറിച്ച് തലയടിച്ച് വീണ് മരിച്ചു. തൃപ്പൂണിത്തറ രാജേന്ദ്രന്റെ മകള്‍ ചിപ്പിയാണ്(23) മരിച്ചത്. അടിമാലി കൂമ്പന്‍പാറക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡ്വഞ്ചര്‍ എന്ന റൈഡിംഗ് സ്ഥാപനത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കൂട്ടുകാരിക്കൊപ്പം കാറില്‍ മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ചിപ്പി. കൂമ്പന്‍പാറയില്‍ എത്തിയപ്പോഴാണ് റൈഡിംഗ് സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. അവിടെയെത്തിയ ഇവര്‍ ട്രക്കിംഗിന് ഉപയോഗിക്കുന്ന നാലുവീലുള്ള എ.ടി.വി ബൈക്കില്‍ സാഹസികയാത്ര നടത്തുന്നതിനിടെ ചിപ്പി തെറിച്ച് വീഴുകയായിരുന്നു. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സക്കായി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
ആലുവ രാജഗിരി ആശുപത്രിയിലെ കെമിസ്റ്റായ ചിപ്പി ഒരു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. തൃപ്പൂണിത്തറ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നിഷ രാജേന്ദ്രനാണ് മാതാവ്. സഹോദരന്‍ ചിന്തു രാജേന്ദ്രന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍. നിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട്ട് അപകടത്തില്‍ മരണമടഞ്ഞിരുന്നു.