ബിജോ നമ്പ്യാര്‍ ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘സോളോ’യുടെ തമിഴ്‌നാട്ടിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍. ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ തിയ്യേറ്റര്‍ അടച്ചിട്ട സമരത്തിലാണ് ഉടമകള്‍. ഇതുമൂലം സോളോ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സിനിമാ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ പത്ത് ശതമാനം നികുതിയില്‍ പ്രതിഷേധിച്ച് തമിഴ്ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഇന്നലെ റിലീസ് ചെയ്ത സോളോതിയ്യേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യാനാണ് സാധ്യത. സമരത്തെ തുടര്‍ന്ന് 1100 തിയ്യേറ്ററുകള്‍ അടച്ചിട്ടു. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് സംവിധായകന്‍ ബിജോയ് നമ്പ്യര്‍ പറയുന്നതിങ്ങനെയാണ്. ഇത് ഹൃദയം തകരുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കഠിനാദ്ധ്വാനത്തിന് ശേഷമാണ് ചിത്രം തിയ്യേറ്ററുകളിലെത്തിച്ചത്. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല. തന്റെ സഹനിര്‍മ്മാതാവിനും ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. സിനിമയില്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുണ്ട്. എല്ലാവര്‍ക്കും നന്ദി പറയുകയാണ്. പ്രശ്‌നങ്ങള്‍ പെട്ടെന്ന് അവസാനിക്കുമെന്ന് കരുതുന്നുവെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും ബിജോയ് ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ 225 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സോളോക്ക് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.