X

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകം; പ്രിയങ്ക ഗാന്ധി

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ യുവാക്കള്‍ക്കു നേരെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇവര്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതികരിക്കുകയായിരുന്നു.

പരീക്ഷാ നടത്തിപ്പിലെ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും തടയേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും എന്നാല്‍ ഇതിന് പകരം വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

webdesk17: