X
    Categories: CultureViews

തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാടിലുറച്ച് നിതീഷ്; ബിഹാറില്‍ മഹാസഖ്യം തകര്‍ച്ചയിലേക്ക്

പട്‌ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്‍.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്. സി.ബി.ഐ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വി രാജി വെക്കേണ്ടതില്ലെന്നും ആര്‍.ജെ.ഡി നിലപാടെടുത്തതിനു പിന്നാലെയാണ് വിട്ടുവീഴ്ചക്കില്ലെന്ന് നിതീഷ് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയും വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും ഇടപെട്ടെങ്കിലും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നിതീഷ് വ്യക്തമാക്കിയത്.

മൂന്നാഴ്ച മുമ്പാണ് മുന്‍ മുഖ്യമന്ത്രി ലാലുവിന്റെയും 28-കാരനായ തേജസ്വിയുടെയും ഉടമസ്ഥതയിലുള്ള പട്‌നയിലെ സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഇതേതുടര്‍ന്ന് ലാലു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തേജസ്വി രാജി വെക്കേണ്ടതില്ലെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. രാഷ്ട്രീയ എതിരാളികളെ സി.ബി.ഐയെ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് പിന്തുണ നല്‍കുന്നതാവും രാജി എന്നായിരുന്നു ലാലുവിന്റെ വിശദീകരണം.

എന്നാല്‍, ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാര്‍ സോണിയ ഗാന്ധിയെ വിളിച്ചു. 72 മണിക്കൂറിനകം തേജസ്വി രാജിവെക്കുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. നിതീഷിനും ലാലുവിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സോണിയ ഈ വിഷയത്തില്‍ നിന്ന് പിന്മാറി എന്നാണ് വാര്‍ത്ത. അതിനിടെ, ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ നിതീഷ് സോണിയ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

മുമ്പ് തന്റെ പാര്‍ട്ടിയുമായി സഖ്യത്തിലുണ്ടായിരുന്ന ബി.ജെ.പിയുമായി സൗഹൃദം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയാണ് നിതീഷ് കുമാര്‍ കടുംപിടുത്തം പിടിക്കുന്നത് എന്നാണ് സൂചന. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മീരാ കുമാറിനെ പിന്തുണച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദിനായിരുന്നു ആര്‍.ജെ.ഡി പിന്തുണ നല്‍കിയത്. ഭരണകക്ഷിയില്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ ലാലുവിന്റെ ആര്‍.ജെ.ഡിക്കാണെങ്കിലും നിതീഷ് വിട്ടുവീഴ്ചക്ക് തയാറാവാത്തത് ബി.ജെ.പിയുമായി സഖ്യം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയം ശക്തമാണ്.

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പിയുടെ പിന്തുണയോടെ ബിഹാര്‍ ഭരിക്കാന്‍ നിതീഷ് കുമാറിന് കഴിയും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ബി.ജെ.പിക്കും ഗുണം ചെയ്യും. അതേസമയം, തേജസ്വി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ ലാലു പ്രസാദ് യാദവ്, മഹാസഖ്യം നിലനിര്‍ത്തുക എന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: