പട്‌ന: ബിഹാറില്‍ എന്‍ഡിഎ കേവലഭൂരിപക്ഷം ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. എന്നാല്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ വലിയ അന്തരം ഇല്ലെന്നു തന്നെയാണ്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഭരണത്തിലേറുന്ന എന്‍ഡിഎയും തമ്മിലുള്ള അന്തരം വളരെക്കുറവാണെന്ന് വോട്ടുവിഹിതം സൂചിപ്പിക്കുന്നു. ബിജെപിയേക്കാള്‍ ഒരു സീറ്റ് അധികം നേടി തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു.
123 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് 110 സീറ്റ് ലഭിച്ച മഹാസഖ്യത്തെക്കാള്‍ അധികം ലഭിച്ചത് 12,768 വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത 3.14 കോടിയില്‍ എന്‍ഡിഎ നേടിയത് 1,57,01,226 വോട്ടുകള്‍. 1,56,88,458 വോട്ടുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്.
0.03 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇരു കക്ഷികള്‍കള്‍ക്കുമിടയിലുള്ളത്. എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുശതമാനം 37.26 ഉം മഹാസഖ്യത്തിന്റേത് 37.23 ശതമാനവും. അതായത് ഓരോ നിയോജകമണ്ഡലങ്ങളിലും 53 വോട്ടുകള്‍ മാറിയെങ്കില്‍ ഫലം തന്നെ മാറിയേനെ.
അഞ്ച് വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് സഖ്യം എന്‍ഡിഎ സഖ്യത്തേക്കാള്‍ അധികം നേടിയത് 29.6 ലക്ഷം വോട്ടുകളാണ്. വോട്ടുശതമാനത്തിന്റെ അന്തരം 7.8 ശതമാനവും. ബിജെപിയേക്കാള്‍ അധിക സീറ്റും വോട്ടുശതമാനവും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടാന്‍ ആര്‍ജെഡിയ്ക്ക് സാധിച്ചെങ്കിലും മഹാസഖ്യത്തിന്റെ ആകെ നേട്ടം 110 സീറ്റുകളിലൊതുങ്ങുകയായിരുന്നു.