പട്‌ന: കോവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സീന്‍ കുത്തിവയ്‌പ്പെടുക്കാന്‍ വന്നയാളില്‍ ഒഴിഞ്ഞ സിറിഞ്ച് വച്ച് കുത്തിവയ്പ്പ് എടുത്തെന്ന് പരാതി. ബിഹാറിലെ ഛപ്രയില്‍നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കുത്തിവയ്‌പ്പെടുത്ത നഴ്‌സിനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.
മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോയില്‍ ദൃശ്യമാകുന്നത് ഇങ്ങനെ പുതിയതായി പുറത്തെടുത്ത സിറിഞ്ച് വാക്‌സീന്‍ നിറയ്ക്കാതെ നേരെ ഒരാളിലേക്കു കുത്തിവയ്ക്കുകയാണ് നഴ്‌സ് ചെയ്തത്. തനിക്ക് കുത്തിവച്ചത് ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ചാണെന്ന് കുത്തിവയ്‌പ്പെടുത്തയാള്‍ തിരിച്ചറിഞ്ഞത് വീഡിയോ പകര്‍ത്തിയ സുഹൃത്തു പറയുമ്പോഴാണ്.
ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്‌പ്പെടുത്തതിനു ശേഷം തനിക്ക് തലവേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തിവയ്പ്പ് എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വികാരപ്രകടനം കാണാനാണ് തമാശയായി വിഡിയോ എടുത്തതെന്ന് സുഹൃത്ത് പറഞ്ഞു. പിന്നീട് വൈകുന്നേരം വീഡിയോ ഒന്നുകൂടി കണ്ടപ്പോഴാണ് നഴ്‌സ് ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിവയ്‌പ്പെടുത്തതെന്നു വ്യക്തമായത്. വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അറിയിച്ചെന്നും പരിശോധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.