പട്‌ന: ആദ്യഘട്ട വോട്ടെടുപ്പിനായി ബിഹാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോവും. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആവേശം വിതറിയ പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. 16 ജില്ലകളിലായി 71 മണ്ഡലങ്ങളാണ് നാളെ ബൂത്തിലെത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞത് അടക്കമുള്ള തീവ്രഹിന്ദുത്വ ആശയങ്ങള്‍ തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണായുധങ്ങള്‍.
അതേസമയം മറുഭാഗത്ത് തേജസ്വി യാദവെന്ന യുവ നേതാവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തേജസ്വി യാദവിനെ അവഗണിച്ച് മുന്നോട്ട് പോവാനായിരുന്നു ബിജെപി ആദ്യം ശ്രമിച്ചത്. എന്നാല്‍ തോജസ്വി ബിഹാറില്‍ സൃഷ്ടിച്ച തരംഗത്തിന് മുന്നില്‍ ബിജെപി പകച്ചു നില്‍ക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസിന്റെയും ഇടതു കക്ഷികളെയും ഒപ്പം കൂട്ടി തേജസ്വി വന്‍ മുന്നേറ്റമാണ് ബിഹാറില്‍ കാഴ്ചവെക്കുന്നത്.
ഉള്ളി അടക്കമുള്ള അവശ്യസാധനങ്ങളുടെ വന്‍ വിലക്കയറ്റമാണ് മഹാസഖ്യം പ്രധാന പ്രചാരണായുധമാക്കുന്നത്. ബിജെപിക്ക് ഉള്ളിമാല സമ്മാനിച്ചുകൊണ്ടാണ് തേജസ്വി യാദവ് ആദ്യഘട്ട കൊട്ടിക്കലാശത്തിന്റെ ദിവസം പ്രചാരണം ആരംഭിച്ചത്. ജനങ്ങളെ സാരമായി ബാധിച്ച വിലക്കയറ്റം മഹാസഖ്യം പ്രചാരണായുധമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് തേജസ്വി യാദവ് ആരോപിച്ചു.
രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണവും എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്. ഒറ്റക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ജെഡിയുവിനെ എതിരെയാണ് മത്സരിക്കുന്നത്. ഇത് ബിജെപിയുടെ തന്ത്രമാണെന്നാണ് ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്നും ചിരാഗ് പാസ്വാനുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.