ന്യൂഡല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷനും, ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഖ്യം സംബന്ധിച്ച് നിതീഷ്‌കുമാര്‍ നിലപാട് പ്രഖ്യാപിച്ചത്.
ജെ.ഡി.യുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ബീഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ന്യൂഡല്‍ഹിയിലെ ബീഹാര്‍ നിവാസില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചത്. ബി.ജെ.പി സഖ്യം തുടരാനുള്ള നിതീഷിന്റെ നിര്‍ദേശം ഭൂരിഭാഗം നേതാക്കളും അനുകൂലിച്ചു.
സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളില്‍ 17 മുതല്‍ 18 സീറ്റുകള്‍ വേണമെന്ന ആവശ്യം ബി.ജെ.പിയോട് ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം. ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ആലോചനയെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സൂചിപ്പിച്ചു. ശേഷിക്കുന്ന ആറു സീറ്റുകള്‍, സഖ്യകക്ഷികളായ എല്‍ജെപി, ആര്‍എല്‍എസ്പി എന്നിവയ്ക്ക് നല്‍കും.
സീറ്റ് ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി നേതാവ് നിതീഷ് കുമാറിനെ യോഗം ചുമതലപ്പെടുത്തി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി നിതീഷ് കുമാര്‍ ഈ മാസം 12 ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്നാണ് സൂചന.